ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജാമ്യപേക്ഷ തള്ളി കൊല്ലം വിജിലൻസ് കോടതി. ദ്വാരപാലക ശില്പങ്ങളുടെ കേസിലാണ് വിധി പറഞ്ഞത്. സ്വർണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും വീണ്ടും റിമാൻഡ് ചെയ്തു. 14 ദിവസത്തേയ്ക്കാണ് കൊല്ലം വിജിലൻസ് കോടതി റിമാൻഡ് ചെയ്തത്. ഉണ്ണികൃഷ്ണൻ പോറ്റി വീണ്ടും ജാമ്യാപേക്ഷ നൽകിയിരിക്കുകയാണ്.
രണ്ടു കേസുകളിലും നൽകിയ ജാമ്യാപേക്ഷ 14 ആം തീയതി വിജിലൻസ് കോടതി പരിഗണിക്കും. കട്ടിളപ്പാളി കേസിൽ പത്മകുമാര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. ആ കേസിലെ ജാമ്യാപേക്ഷയും കൊല്ലം വിജിലൻസ് കോടതിയും പിന്നീട് ഹൈക്കോടതിയും തള്ളിയിരുന്നു. അതിന് പിന്നാലെയാണ് രണ്ടാമത് അറസ്റ്റിലായ ദ്വാരപാലക ശിൽപ കേസിലും പത്മകുമാര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്. ഹര്‍ജികളിൽ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്, കൂട്ടുത്തരവാദിത്വത്തിന്‍റെ ഭാഗമായിട്ടാണ് ശബരിമലയിലെ പാളികള്‍ കൈമാറിയത് അടക്കം എല്ലാക്കാര്യങ്ങളും നടന്നത് എന്നാണ്.
അതേസമയം, പത്മകുമാറിനെ വെട്ടിലാക്കുന്നതാണ് എസ്ഐടി കണ്ടെത്തൽ. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ പത്മകുമാർ തിരുത്തൽ വരുത്തിയത് മനഃപൂർവ്വമാണെന്ന് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. മിനുട്സിൽ സ്വന്തം കൈപ്പടയിൽ പത്മകുമാർ തിരുത്തൽ വരുത്തി. പിച്ചള പാളികൾ എന്നതിന് പകരം ചെമ്പ് എന്ന് എഴുതി. കൂടാതെ അനുവദിക്കുന്നു എന്ന വാക്കും സ്വന്തമായി എഴുതി ചേർത്തു. ഇതിന് പിന്നാലെയാണ് പാളികൾ പോറ്റിയ്ക്ക് കൊടുത്തുവിടാനുള്ള തീരുമാനം ഉണ്ടായത്.
കട്ടിളപാളികൾ അറ്റകുറ്റപ്പണി നടത്താൻ തന്ത്രിയാണ് ആവശ്യപ്പെട്ടതെന്ന പത്മകുമാറിന്‍റെ വാദവും എസ്ഐടി തള്ളുന്നു. അത്തരം ആവശ്യത്തിന് രേഖയില്ല. തന്ത്രിയുടെ അഭിപ്രായവും തേടിയില്ല. മഹസറിൽ തന്ത്രി ഒപ്പുമിട്ടില്ല, അനുമതിയും നൽകിയിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ തെളിവുകൾ അട്ടിമറിക്കാൻ ഗോവർധനും പോറ്റിയുമടക്കമുള്ള പ്രതികൾ ബംഗളൂരുവിൽ ഒത്തുകൂടി ഗൂഢാലോചന നടത്തിയെന്നും എസ്ഐടി വെളിപ്പെടുത്തുന്നു.

