കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നിർണ്ണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. കേസിന്റെ ഭാഗമായി നടൻ ജയറാമിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ചെന്നൈയിലെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ചായിരുന്നു മൊഴിയെടുക്കൽ നടന്നത്.
ശബരിമലയുമായി ബന്ധപ്പെട്ട സ്വർണ്ണ ഫലകങ്ങളിൽ ജയറാമിൻ്റെ വസതിയിൽ വെച്ച് പൂജകൾ നടന്നുവെന്ന റിപ്പോർട്ടുകളെത്തുടർന്നാണ് നടപടി. ശബരിമലയിലെ പ്രധാന വ്യക്തി എന്ന നിലയിലാണ് തനിക്ക് ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമുള്ളതെന്നും അദ്ദേഹത്തിന്റെ ക്ഷണപ്രകാരമാണ് ചടങ്ങുകളിൽ പങ്കെടുത്തതെന്നും ജയറാം മൊഴി നൽകി. കേസിലെ പ്രധാനിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ചും ജയറാം മൊഴി നൽകി. ശബരിമലയിൽ വെച്ചാണ് പോറ്റിയെ പരിചയപ്പെട്ടതെന്നും തന്റെ വീട്ടിലെ പൂജകൾക്കായി അദ്ദേഹം എത്താറുണ്ടായിരുന്നുവെന്നും ജയറാം വ്യക്തമാക്കി. എന്നാൽ സ്വർണ്ണക്കൊള്ളയെക്കുറിച്ചോ തട്ടിപ്പിനെക്കുറിച്ചോ തനിക്ക് അറിവില്ലായിരുന്നുവെന്ന് അദ്ദേഹം മൊഴി നൽകി.
കട്ടിളപാളി സ്മാർട്ട് ക്രിയേഷനിലെ പൂജയിലും കോട്ടയം ഇളംപള്ളി ക്ഷേത്രത്തിലേക്ക് വാതിൽപാളികൾ എത്തിച്ചുള്ള ഘോഷയാത്രയിലും പോറ്റിയുടെ ക്ഷണപ്രകാരം പങ്കെടുത്തതായും അദ്ദേഹം സമ്മതിച്ചു. സ്വർണ്ണ വ്യാപാരി ഗോവർദ്ധനെ തനിക്ക് പരിചയമുണ്ടെന്നും ജയറാം അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. ജയറാമിനെ കേസിൽ സാക്ഷിയാക്കാനാണ് എസ്.ഐ.ടിയുടെ നീക്കം.
മകരവിളക്ക് കാലത്താണ് താൻ ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയപ്പെടുന്നത്. തുടർന്ന് അദ്ദേഹം പലതവണ ചെന്നൈയിലെ തന്റെ വീട്ടിൽ വന്നിട്ടുണ്ട്. ദ്വാരപാലക വിഗ്രഹങ്ങളുടെ ഫലകങ്ങൾ വീട്ടിൽ കൊണ്ടുവന്നപ്പോഴാണ് അവിടെ പൂജകൾ നടന്നത്. കൂടാതെ, സ്വർണ്ണം പൂശുന്ന ജോലി നടന്ന സ്മാർട്ട് ക്രിയേഷൻസ് എന്ന കമ്പനിയിൽ വെച്ച് നടന്ന പൂജയിലും താൻ പങ്കെടുത്തുവെന്ന് ജയറാം മൊഴി നൽകി. എന്നാൽ സ്മാർട്ട് ക്രിയേഷൻസ് ഉടമകളുമായോ അതിന്റെ സ്പോൺസർമാരുമായോ തനിക്ക് മുൻപരിചയമില്ലെന്നും താരം വ്യക്തമാക്കി.
ശബരിമലയിൽ ദർശനത്തിനെത്തുന്ന ജയറാം അവിടുത്തെ ആചാരങ്ങളുമായും അധികൃതരുമായും അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ്. ജയറാം നൽകിയ മൊഴികൾ വിശദമായി പരിശോധിച്ച ശേഷം മാത്രമായിരിക്കും കേസിൽ തുടർനടപടികൾ സ്വീകരിക്കുകയെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

