ഫേസ്ബുക്കിൽ പങ്കുവെച്ച `രാമായണ´ പോസ്റ്റ് വിവാദമായ പശ്ചാത്തലത്തിൽ പി ബാലചന്ദ്രൻ എംഎൽഎയോട് വിശദീകരണം തേടി സിപിഐ. വിശദീകരണം ആവശ്യപ്പെട്ട് പാർട്ടി ജില്ലാ സെക്രട്ടറി പി ബാലചന്ദ്രന് കത്ത് നൽകി. വിശദീകരണം എഴുതി നൽകേണ്ടെന്നും ജില്ലാ എക്സിക്യുട്ടീവില്‍ നേരിട്ടെത്തി നൽകണമെന്നുമാണ് പാർട്ടിയുടെ നിർദ്ദേശം. ഈ മാസം 31നാണ് അടിയന്തര ജില്ലാ എക്സിക്യൂട്ടിവ് യോഗം. ഇതു സംബന്ധിച്ച കത്ത് പാര്‍ട്ടി ജില്ലാ സെക്രട്ടറി എംഎല്‍എയ്ക്ക് കൈമാറി.
അതേസമയം നിലവിലുണ്ടായിരുന്ന അനുകൂല സാഹചര്യത്തെ എതിരാക്കി മാറ്റിയെന്നുള്ള കടുത്ത വിമർശനവും പി ബാലചന്ദ്രനെതിരെ സിപിഎം -സിപിഐ നേതാക്കൾ ഉയർത്തുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിലെ അനുകൂല സാഹചര്യം ഇല്ലാതാക്കിയെന്നാണ് സിപിഎം, സിപിഐ നേതാക്കളുടെ വിമർശനം. രാമായണത്തിലെ പ്രധാന കഥാപാത്രങ്ങളായ സീതയേയും ശ്രീരാമനേയും ലക്ഷ്മണനേയും ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള പോസ്റ്റായിരുന്നു പി ബാലചന്ദ്രൻ്റേതായി പുറത്തു വന്നത്. ഫേസ്ബുക്ക് പോസ്റ്റ് ഹൈന്ദവ വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന ആരോപണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നത്. ഫേസ്ബുക്ക് പോസ്റ്റിനെതിരെ രൂക്ഷമായ എതിർപ്പുകൾ ഉയർന്നതിനെ തുടർന്ന് പി ബാലചന്ദ്രൻ തന്റെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കുകയായിരുന്നു.
രാമായണത്തിലെ പ്രധാന കഥാപാത്രമായ സീത, രാമനും ലക്ഷ്മണനും ഇറച്ചിയും പോറോട്ടയും വിളമ്പി കൊടുത്തു എന്നാണ് ബാലചന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ സൂചിപ്പിച്ചത്. ഫേസ്ബുക്കിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ അതു വിവാദമാകുകയായിരുന്നു. ‘രാമൻ ഒരു സാധുവായിരുന്നു, കാലിൽ ആണിയുണ്ടായിരുന്നത് കൊണ്ട് എടുത്തു ചാട്ടക്കാരനായിരുന്നില്ല. ഒരു ദിവസം ലക്ഷ്മണൻ ഇറച്ചിയും പോറോട്ടയും കൊണ്ടുവന്നു. ചേട്ടത്തി സീത മൂന്ന് പേർക്കും വിളമ്പി, അപ്പോൾ ഒരു മാൻ കുട്ടി അതുവഴി വന്നു. സീത പറഞ്ഞു. രാമേട്ടാ അതിനെ കറി വെച്ച് തരണം. രാമൻ മാനിന്റെ പിറകേ ഓടി. മാൻ മാരിയപ്പൻ എന്ന ഒടിയനായിരുന്നു. മാൻ രാമനെ വട്ടം കറക്കി വഴി തെറ്റിച്ചു നേരം പോയ്. ലക്ഷ്മണൻ ഇറച്ചി തിന്ന കൈ നക്കി ഇരിക്കുകയാണ്. സീത പറഞ്ഞു ടാ തെണ്ടി നക്കിയും നോക്കിയും ഇരിക്കാതെ രാമേട്ടനെ പോയ് നോക്ക്. എട്ടും പൊട്ടും തിരിയാത്ത അദ്ദേഹത്തെ കൊണ്ടുവാ’- ബാലചന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.