ലൈംഗിക പീഡന പരാതിയിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യാപേക്ഷ ഇന്ന് തിരുവല്ല മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. മൂന്നാമത്തെ ലൈംഗിക പീഡന പരാതിയിൽ ആണ് അന്വേഷണസംഘം രാഹുൽ മാങ്കൂട്ടത്തിലെ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് അറസ്റ്റ് നടന്നത് എന്നും റിപോർട്ടുകൾ ഉണ്ട്. നിലവിൽ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലാണ് രാഹുൽ ഉള്ളത്.
മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിക്കുകയാണെങ്കിൽ സെഷൻസ് കോടതിയെ സമീപിക്കാനാണ് രാഹുലിന്റെ നീക്കം. അതിനിടെ, രാഹുലിനെ മാവേലിക്കര ജയിലിൽ നിന്ന് സുരക്ഷാ കാരണങ്ങളാൽ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റിയേക്കുമെന്നും സൂചനയുണ്ട്.
അതേസമയം പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും തിരുവല്ലയിലെ ഹോട്ടൽ മുറി ബുക്ക് ചെയ്തത് യുവതിയാണെന്നുമാണ് രാഹുലിന്റെ അഭിഭാഷകർ ജാമ്യഹർജിയിൽ വാദിക്കുന്നത്. യുവതി വിവാഹിതയാണെന്ന വിവരം അറിയാതെയാണ് സൗഹൃദത്തിലായതെന്നും പ്രതിഭാഗം കോടതിയെ അറിയിക്കും. സമാനമായ മറ്റൊരു കേസിൽ അറസ്റ്റ് തടഞ്ഞ കോടതി ഉത്തരവ് നിലനിൽക്കെ, വീണ്ടും മറ്റൊരു പരാതിയിലൂടെ അറസ്റ്റ് ചെയ്തതിന് പിന്നിൽ രാഷ്ട്രീയ താൽപ്പര്യങ്ങളാണെന്നും രാഹുലിന്റെ അഭിഭാഷകർ ആരോപിക്കുന്നു.

