പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ പാലക്കാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ ആണ് കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയം. 18,724 വോട്ടുകളുടെ ഭൂരിപക്ഷമാണ് രാഹുൽ നേടിയത്. പാലക്കാട് നിയമസഭാ മണ്ഡലം പുനർനിർണയത്തിനുശേഷം നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളിലേതിനെക്കാൾ ഭൂരിപക്ഷം കുത്തനെ ഉയർത്തിയാണ് രാഹുലിന്റെ കുതിപ്പ്. 2011ല്‍ നടന്ന തിരഞ്ഞെടുപ്പിൽ ഷാഫി പറമ്പിലിന് ലഭിച്ചത് 7403 വോട്ടുകളുടെ ഭൂരിപക്ഷമാണ്. 2016ൽ ഷാഫി ഇത് 17,483 ആയി ഉയർത്തി. 2021ൽ നടന്ന തിരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരത്തിനൊടുവിൽ ഷാഫിയുടെ ഭൂരിപക്ഷം 3859 ആയി കുറഞ്ഞു. ഈ ഭൂരിപക്ഷമാണ് ഷാഫിയുടെ പിൻഗാമിയായെത്തിയ രാഹുൽ ഇപ്പോൾ 18000ത്തിലേറെയായി ഉയർത്തിയത്.
10,000ന് മുകളിൽ വോട്ടുകളുടെ ഭൂരിപക്ഷത്തോടെ രാഹുൽ മാങ്കൂട്ടത്തിൽ വിജയിക്കുമെന്നായിരുന്നു കോൺഗ്രസ് നേതാവ് വി കെ ശ്രീകണ്ഠന്റെ പ്രതികരണം. വാശിയേറിയ തിരഞ്ഞെടുപ്പിൽ ആദ്യ ഘട്ടത്തിൽ ഇഞ്ചോടിഞ്ചായിരുന്നു പോരാട്ടമെങ്കിൽ ഫലം വന്നപ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ വമ്പൻ ലീഡ് നേടി കുതിക്കുകയായിരുന്നു. ആദ്യ മണിക്കൂറിൽ മുന്നിലായിരുന്ന ബി ജെ പി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനെ ആറാം റൗണ്ട് മുതലാണ് രാഹുൽ പിന്നിലാക്കിയത്. ബിജെപി കോട്ടകൾ പൊളിച്ചടുക്കിയാണ് രാഹുലിന്‍റെ കുതിപ്പ്.
പാലക്കാട് ബിജെപി സ്വാധീന നഗരമേഖലയിലെ വോട്ടെണ്ണുമ്പോൾ ബിജെപി മുന്നിലായിരുന്നു. എന്നാൽ കഴിഞ്ഞ തവണത്തേക്കാൾ നഗരസഭയിൽ ഇത്തവണ ബിജെപിക്ക് വോട്ടുകൾ കുറഞ്ഞിട്ടുണ്ട്. ഇതിനൊപ്പം തന്നെ കോൺഗ്രസ് പാളയം വിട്ട് ഇടത് സ്ഥാനാർത്ഥിയായ പി സരിനെയും രാഹുൽ നിഷ്പ്രഭനാക്കി. സരിൻ നേടിയതിന്റെ ഇരട്ടി വോട്ടുകൾ നേടിയാണ് രാഹുലിന്റെ തേരോട്ടം.