ലൈംഗിക പീഡനക്കേസിൽ നാളെ മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ പുതിയ ഹര്‍ജിയുമായി പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ. നാളെ അടച്ചിട്ട കോടതി മുറിയിൽ മുൻകൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് തിരുവനന്തപുരം സെഷൻസ് കോടതിയിൽ ഹര്‍ജി നൽകിയത്.
ഇതിനിടെ പാലക്കാട് തുടരുന്ന എസ്ഐടി സംഘം വീണ്ടും രാഹുലിന്‍റെ ഫ്ലാറ്റിലെത്തി. ഫ്ലാറ്റിലെ കെയര്‍ടേക്കറുടെ മൊഴി രേഖപ്പെടുത്തി. സിസിടിവി ദൃശ്യങ്ങൾ കെയർടേക്കറെ സ്വാധീനിച്ച് രാഹുലും സംഘവും നശിപ്പിച്ചെന്ന നിഗമനത്തിലായിരുന്നു എസ്ഐടി. ഇക്കാര്യങ്ങളിലടക്കം കൂടുതൽ വിവരങ്ങള്‍ തേടുന്നതിനായാണ് കെയര്‍ ടേക്കറുടെ മൊഴിയെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 4.30 ന് ഫ്ലാറ്റിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയെന്നും രാഹുൽ വ്യാഴാഴ്ച വൈകിട്ട് ഫ്ലാറ്റിൽ എത്തിയതിനെ കുറിച്ച് അറിയില്ലെന്നുമാണ് കെയര്‍ടേക്കറുടെ മൊഴി. സിസിടിവി സംവിധാനത്തിൽ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്ന് കെയർടേക്കര്‍ മൊഴി നൽകി.
ബിഎൻസ് 366 വകുപ്പ് പ്രകാരമാണ് രാഹുൽ ഹര്‍ജി നൽകിയത്. കോടതിക്ക് നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിന് പൂർണ വിലക്ക് ഏർപ്പെടുത്താൻ ഈ വകുപ്പ് പ്രകാരം കഴിയും. വാർത്ത കൊടുക്കുന്നതിന് കോടതിയുടെ മുൻകൂർ അനുമതി ആവശ്യപ്പെടാം. ബലാത്സംഗ കേസുകളിൽ കോടതിക്ക് ഇതിൽ ഇളവ് വരുത്താനുമാകും. പ്രതിയുടെയോ ഇരയുടെയോ പേര് ഒഴിവാക്കി വാർത്ത കൊടുക്കാൻ കോടതിക്ക് അനുമതി നൽകാം. എന്നാൽ, ഹർജിയിൽ ഇക്കാര്യങ്ങൾ അഭിഭാഷകൻ പ്രത്യേകമായി ഉന്നയിച്ചിട്ടില്ല. ഈ വകുപ്പ് പ്രകാരം ഹർജി കേൾക്കണമെന്ന് മാത്രമാണ് ഹര്‍ജിയിലെ ആവശ്യം. അതേസമയം, അടച്ചിട്ട കോടതിയിൽ കേസ് പരിഗണിക്കണമെന്ന് പ്രോസിക്യൂഷനും ആവശ്യപ്പെട്ടിട്ടുണ്ട്.

