പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ സ്ത്രീക്കെതിരെ സൈബർ അധിക്ഷേപം നടത്തിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റിലായ രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തള്ളി. 14 ദിവസത്തേക്കാണ് രാഹുൽ ഈശ്വറിനെ റിമാൻഡ് ചെയ്തത്.
രാഹുല്‍ ഈശ്വര്‍ സ്ഥിരം കുറ്റവാളിയാണെന്നും രാഹുലിന്റെ ലാപ്‌ടോപ്പില്‍ നിന്ന് വീഡിയോകളും ചിത്രങ്ങളും കണ്ടെടുത്തുവെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ലാപ്‌ടോപ്പില്‍ നിന്ന് രാഹുല്‍ ചിത്രീകരിച്ച വീഡിയോ കണ്ടെടുത്തു. യുവതിയുടെ ചിത്രങ്ങളടക്കം ലാപ്‌ടോപ്പിലുണ്ട്. രാഹുല്‍ ഈശ്വര്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
രാഹുല്‍ ഈശ്വറിന് ജാമ്യം നല്‍കിയാല്‍ കുറ്റകൃത്യം ആവര്‍ത്തിക്കാന്‍ സാധ്യതയുള്ളതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ജാമ്യം നല്‍കിയാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിക്കെതിരെ മ്യൂസിയം പൊലീസ് സ്‌റ്റേഷനിലും എറണാകുളം സിറ്റി പൊലീസ് സ്റ്റേഷനിലും അടക്കം കേസുകളുണ്ട്. പ്രതി നിരന്തരം സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തിയാണ്. അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ അന്വേഷണം ശരിയായ ദിശയിലാണ്. കേസില്‍ തുടരന്വേഷണം ആവശ്യമുണ്ട്. പ്രതി ഒളിവില്‍ പോകാനുള്ള സാധ്യയുണ്ട്. പ്രതി കുറ്റം ചെയ്യുന്നതില്‍ മറ്റ് ഇലക്ട്രോണിക് ഡിവൈസ് ഉപയോഗിച്ചോ എന്ന കാര്യം പരിശോധിക്കേണ്ടതുണ്ട്. ഇതിന് തുടരന്വേഷണം അനിവാര്യമാണെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നു.
രാഹുലിനെ പൂജപ്പുര ജില്ലാ ജയിലേക്ക് മാറ്റി. അതിജീവിതയെ അപമാനിച്ചതായി പൊലീസ് ഹാജരാക്കിയ ദൃശ്യങ്ങൾ അടങ്ങിയ രേഖകൾ അവഗണിക്കാൻ കഴിയില്ല. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. ഈ അവസരത്തിൽ ജാമ്യം നൽകുന്നത് സമൂഹത്തിൽ തെറ്റായി സന്ദേശം നൽകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി രാഹുൽ ഈശ്വറിന്‍റെ ജാമ്യം തള്ളിയത്. രാഹുൽ ഈശ്വറിനെതിരെ ഗുരുതര ആരോപണങ്ങളാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. പരാതിക്കാരിയുടെ ചിത്രങ്ങൾ ഉൾപ്പടെ ലാപ്ടോപ്പിൽ രാഹുൽ തയ്യാറാക്കിയ വീഡിയോകൾ പരാതിക്കാരിയെ അപമാനിക്കുന്ന തരത്തിലുള്ളതാണ്. പ്രതി സ്ഥിരമായി ഇത്തരം കാര്യം ചെയ്യുന്നയാളാണെന്നും മറ്റ് പ്രതിക്കെതിരെ സമാന കേസുകളുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

