രാഹുൽ മാങ്കൂട്ടത്തിനെതിരെ ലൈംഗിക പരാതി നൽകിയ യുവതിക്കെതിരെ അധിക്ഷേപം നെത്തിയതിനു അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന രാഹുൽ ഈശ്വർ ജയിലിൽ നിരാഹാരം തുടരുകയാണ്. അതേസമയം രാഹുലിന്റെ ആരോഗ്യനില തൃപ്തികരമെന്നാണ് റിപോർട്ടുകൾ. അതിജീവിതയെ അധിക്ഷേപിച്ച കേസിൽ ജാമ്യം തള്ളിയതോടെ ഇന്നലെ വൈകുന്നേരത്തോടെയാണ് രാഹുൽ ഈശ്വറിനെ പൂജപ്പുര ജില്ലാ ജയിലിലേക്ക് മാറ്റിയത്. ആരോഗ്യനില സെൻട്രൽ ജയിലിലെ ഡോക്ടർ പരിശോധിക്കും. ഡോക്ടർ ജില്ലാ ജയിലിൽ എത്തിയാണ് പരിശോധിക്കുക. ആരോഗ്യ നില വിലയിരുത്തിയായിരിക്കും പിന്നീടുള്ള തീരുമാനം. വെള്ളം കുടിക്കുന്നത് കൊണ്ട് മറ്റു പ്രശ്നങ്ങൾ ഇല്ലെന്നു ജയിൽ അധികൃതർ പറയുന്നു. ജില്ലാ ജയിൽ ബി ബ്ലോക്കിലാണ് രാഹുൽ ഈശ്വർ കഴിയുന്നത്.
രാഹുൽ ഈശ്വർ നാളെ ജാമ്യാപേക്ഷ നൽകും. ഇന്നലെ രാഹുലിൻ്റെ ജാമ്യാപേക്ഷ തിരുവനന്തപുരം എസിജെഎം കോടതി തള്ളിയിരുന്നു. 14 ദിവസത്തേക്കാണ് രാഹുൽ ഈശ്വറിനെ റിമാൻഡ് ചെയ്തത്. അന്വേഷണം നടക്കുമ്പോള്‍ ഇത്തരം പോസ്റ്റുകള്‍ ഇട്ടത് ചെറുതായി കാണാൻ ആകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം എസിജെഎം കോടതി രാഹുലിൻ്റെ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യമില്ലാ കുറ്റം ചുമത്തിയായിരുന്നു രാഹുലിനെ അറസ്റ്റ് ചെയ്തത്. എന്നാൽ, അറസ്റ്റ് നിയമപരമല്ലെന്നും യുവതിയുടെ പേര് പറയുകയോ ചിത്രം പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ലെന്നുമാണ് രാഹുൽ ഈശ്വർ കോടതിയില്‍ വാദിച്ചത്.

