ഗണപതി വിഷയത്തില്‍ ഭരണപക്ഷവും എൻഎസ്എസും തമ്മിൽ അകൽച്ചയിൽ തുടരുന്നതിനിടെ പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് ഉപതെരഞ്ഞെടുപ്പിൽ പിന്തുണ തേടി ചങ്ങനാശ്ശേരി പെരുന്നയിൽ എൻ എസ് എസ് ആസ്ഥാനത്തെത്തി. രാവിലെ 9.30ന് മന്ത്രി വി എൻ വാസനമൊപ്പമാണ് ജെയ്ക് പെരുന്നയിലെത്തി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ സന്ദർശിച്ചു. എന്നാൽ സമദൂരമാണ് എൻഎസ്എസ് നിലപാടെന്ന് സുകുമാരൻ നായർ അറിയിച്ചു.
മിത്ത് വിവാദത്തിൽ മുഖാമുഖം വന്ന എൻഎസ്എസിനെ അനുനയിപ്പിക്കാനാണ് ഇടത് നീക്കം. ഗണപതിയെ അധിക്ഷേപിച്ചുകൊണ്ടുള്ള ഷംസീറിന്റെ പരാമർശത്തിന് പിന്നാലെ സിപിഎമ്മിനെതിരെ ശക്തമായ നിലപാട് എൻഎസ്എസ് സ്വീകരിച്ചിരുന്നു. ഷംസീർ മാപ്പുപറയണമെന്ന എൻഎസ്എസിന്റെ ആവശ്യവും സിപിഎം അംഗീകരിച്ചിരുന്നില്ല. മാത്രമല്ല, സുകുമാരൻ നായർക്കെതിരെ എ കെ ബാലൻ അടക്കമുള്ള നേതാക്കൾ രംഗത്ത് വന്നതോടെ എൻഎസ്എസ് നിലപാട് കർശനമാക്കി. നാമജപഘോഷയാത്ര അടക്കം സംഘടിപ്പിക്കുകയും ചെയ്തു. തിരുവനന്തപുരത്ത് നാമജപ ഘോഷയാത്രക്കെതിരെ പൊലീസ് കേസെടുക്കുകകൂടി ചെയ്തതോടെ എൻഎസ്എസ് ഹൈക്കോടതിയെയും സമീപിച്ചു.
ഇന്നലെ കണിച്ചുകുളങ്ങരിയിലെത്തി വെള്ളാപ്പള്ളി നടേശനെയും ഇടത് സ്ഥാനാർഥി കണ്ടിരുന്നു. ദേവലോകം അരമനയിലെത്തി ഓർത്തഡോക്സ് സഭാക്ഷ്യനുമായും ജെയ്ക്ക് കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പ് പത്രിക സമർപ്പിക്കും മുമ്പ് തന്നെ സഭാ സാമുദായിക വോട്ടുറുപ്പാക്കാനാണ് സിപിഎം ശ്രമം.