വനംവകുപ്പ് കൂട്ടിലടച്ച പി.ടി. സെവന്‍ എന്ന കൊമ്പന്റെ ഒരു കണ്ണിന് കാഴ്ചയില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. പി.ടി. സെവന്റെ വലതു കണ്ണിന് കാഴ്ചയില്ലെന്ന് ഹൈക്കോടതി നിയോഗിച്ച സമിതിയെ വനംവകുപ്പ് അറിയിച്ചു. ആനയ്ക്ക് മറ്റ് പ്രശ്നങ്ങളൊന്നും തന്നെയില്ല.
ഏറെക്കാലം പാലക്കാട് ധോണിയെ വിറപ്പിച്ച പി.ടി. സെവനെ ആറു മാസങ്ങള്‍ക്ക് മുമ്പാണ് ദൗത്യസേന പിടികൂടി ധോണി ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റിയത്. പിടികൂടുമ്പോള്‍ ആനയുടെ ശരീരത്തില്‍ പെല്ലറ്റുകള്‍ കണ്ടെത്തിയിരുന്നു. പെല്ലറ്റ് തറച്ചോ മറ്റേതെങ്കിലും അപകടത്തില്‍പ്പെട്ടോ കാഴ്ചശക്തി നഷ്ടപ്പെട്ടതാകാമെന്നാണ് നിഗമനം. മയക്കു വെടിവെച്ച് പിടികൂടുമ്പോള്‍ തന്നെ കണ്ണിന് കാഴ്ചശക്തിയില്ലായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. മരുന്ന് നല്‍കിയിട്ടും കാഴ്ചശക്തിയില്‍ മാറ്റമുണ്ടായിട്ടില്ല .
നാല് വർഷത്തോളം പാലക്കാട് ധോണി പ്രദേശത്തിന്റെ ഉറക്കം കെടുത്തിയ കാട്ടുകൊമ്പനായിരുന്നു പാലക്കാട് ടസ്കർ സെവൻ (പിടി 7). ധോണി എന്നാണ് ഇതിന് വനം മന്ത്രി നൽകിയ ഔദ്യോഗിക പേര്. ശ്രമകരമായ ദൗത്യത്തിലൂടെയാണ് ആനയെ വനം വകുപ്പ് പിടികൂടിയത്. 72 അംഗ ദൗത്യസംഘമായിരുന്നു ആനയെ മയക്കുവെടി വച്ചത്. മൂന്ന് കുംകിയാനകളുടെ സഹായത്തോടെ നാല് മണിക്കൂർ കൊണ്ടാണ് വനത്തിൽ നിന്ന് ധോണി ക്യാമ്പിലേക്ക് ആനയെ എത്തിച്ചത്. ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ അമ്പത് മീറ്റർ അകലെനിന്ന് ആനയുടെ ചെവിക്ക് പിന്നിലേക്ക് മയക്കുവെടി ഉതിർത്താണ് ആനയെ മയക്കിയത്.