ചരിത്രം ആവർത്തിച്ച് പിഎസ്എൽവി സി-55 ഉം ഐഎസ്ആർഒ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സെന്ററിൽ നിന്നുമായിരുന്നു വിക്ഷേപണം. സിംഗപ്പൂരിന്റെ രണ്ട് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ചതോടെ ഐഎസ്ആർഒയുടെ ഈ വർഷത്തെ മൂന്നാമത്തെ വലിയ വിക്ഷേപണമായിരുന്നു ഇത്.
ഇന്ന് ഉച്ചയ്ക്ക് 2.19നായിരുന്നു വിക്ഷേപണം. പൊളാർ ഓർബിറ്റിനെ കുറിച്ച് പഠിക്കുന്ന ഐഎസ്ആർഒയുടെ പോം മോഡ്യൂളും വിക്ഷേപണത്തിന്റെ ഭാഗമാണ്. വാണിജ്യ വിക്ഷേപണത്തിന്റെ ഭാഗമായി ടെലിയോസ്-2, ലൂമെലൈറ്റ് -4 എന്ന രണ്ട് സിംഗപ്പൂർ ഉപഗ്രഹങ്ങളാണ് ബഹിരാകാശത്തിലേക്ക് കുതിച്ചുയർന്നത്. ഈ രണ്ട് ഉപഗ്രഹങ്ങൾക്ക് മാത്രം 757 കിലോഗ്രാം ഭാരമുണ്ട്.
ഇന്ത്യയുടെ ഏറ്റവും വിശ്വസ്ത വിക്ഷേപണ വാഹനമായ പിഎസ്എൽവിയെ ഐഎസ്ആർഒയുടെ വാണിജ്യ സേവന സ്ഥാപനമായ ന്യൂ സ്പേസ് ഇന്ത്യാ ലിമിറ്റഡിന് കൈമാറും. അടുത്ത ഫെബ്രുവരിയിൽ മനുഷ്യരില്ലാത്ത പേടകം വിക്ഷേപിക്കും. ജൂണിൽ ഗഗൻയാൻ പരീക്ഷണങ്ങൾ വീണ്ടും തുടങ്ങുമെന്നും ഇസ്രോ അധികൃതർ വ്യക്തമാക്കി.