ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വീണ്ടും കേരളത്തിലെത്തും. ബിജെപിയുടെ എ പ്ലസ് മണ്ഡലമായ പാലക്കാട് അദ്ദേഹം റോഡ് ഷോ നടത്തും. സന്ദർശനത്തിന് മുന്നോടിയായി പാലക്കാട് നഗരത്തിൽ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏകദേശം 50,000 പേരെ അണിനിരത്താനാണ് ബിജെപി ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് നേതൃത്വം അറിയിച്ചു. ഇത് മൂന്നാം തവണയാണ് മോദി പാലക്കാട് എത്തുന്നത്. നേരത്തെ 2016ലും 21ലും നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തായിരുന്നു അദ്ദേഹം ജില്ല സന്ദർശിച്ചത്.
നാളെ രാവിലെ 10 മണിയോടെ പാലക്കാട് മേഴ്സി കോളേജിലെ ഹെലിപാഡിൽ പ്രധാനമന്ത്രി ഇറങ്ങും. തുടർന്ന് റോഡ് മാർഗം റോഡ് ഷോ ആരംഭിക്കുന്ന അഞ്ചുവിളക്കിലെത്തും. അവിടെ മുതൽ ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തിലാണ് റോഡ് ഷോ. 30 മിനിട്ട് നീണ്ട റോഡ് ഷോയാണ് തീരുമാനിച്ചിരിക്കുന്നത്.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തമിഴ്നാട്ടിലാണ് സന്ദർശനം നടത്തുന്നത്. കഴിഞ്ഞ ദിവസം തമിഴ്നാട് പൊലീസ് അനുമതി നിഷേധിച്ച റോഡ്ഷോയ്ക്ക് മദ്രാസ് ഹൈക്കോടതി അനുമതി നൽകിയിരുന്നു. പൊലീസിന് റൂട്ടും ദൂരവും തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പൊലീസ് അനുമതി നിഷേധിച്ചിരുന്നത്. വൈകീട്ട് 5:45 നാണ് രണ്ടര കിലോമീറ്റർ ദൂരമുള്ള റോഡ് ഷോ ആരംഭിക്കുക. എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ഇത് രണ്ടാമത്തെ തവണയാണ് കേരളത്തില്‍ എത്തുന്നത്.