69-മത് നെഹ്‌റു ട്രോഫി വള്ളംകളി ആഗസ്ത് 12ന് ആലപ്പുഴ പുന്നമടക്കായലിൽ നടക്കും. നെഹ്റു ട്രോഫി വള്ളംകളിയിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജെ.ദേശായി, വ്യോമസേന സതേൺ എയർ കമാൻഡ് കമാൻഡിങ് ഇൻ ചീഫ് എയർ മാർഷൽ ബാലകൃഷ്ണൻ മണികണ്ഠൻ എന്നിവർ മുഖ്യാതിഥികളായി എത്തിയേക്കും. പങ്കെടുക്കുന്ന വള്ളങ്ങൾക്കുള്ള ബോണസ് ഇന്നുമുതൽ ആർഡിഒ ഓഫിസിൽ നിന്നു വിതരണം ചെയ്യും. ബോണസിനൊപ്പം യൂണിഫോമും സൗജന്യമായി നൽകുന്നുണ്ട്.
വള്ളം കളിയുടെ ട്രാക്കുകളും ഹീറ്റ്‌സുകളും നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന നറുക്കെടുപ്പ് ചടങ്ങ് നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി ചെയർപേഴ്‌സൺ ജില്ല കളക്ടർ ഹരിത വി. കുമാർ ഉദ്ഘാടനം ചെയ്തു. 19 ചുണ്ടൻ വള്ളങ്ങളടക്കം 72 വള്ളങ്ങളാണ് ഇത്തവണ മത്സരത്തിനുള്ളത്. ഹീറ്റ്‌സിൽ മികച്ച സമയം കുറിക്കുന്ന 4 വള്ളങ്ങളാണ് ഫൈനലിൽ എത്തുക.
പ്രളയവും കോവിഡും കാരണം കഴിഞ്ഞ അഞ്ച് വർഷമായി ഓഗസ്റ്റ് മാസത്തിൽ നടത്തിവന്നിരുന്ന വള്ളംകളി തടസ്സപ്പെട്ടിരുന്നു. നൂതന ശാസ്ത്ര സാങ്കേതിക വിദ്യയും പുതിയ കാഴ്ചപ്പാടുകളും ഉൾക്കൊള്ളിച്ചു കൊണ്ടാണ് ഓരോ വർഷവും നെഹ്റു ട്രോഫി വള്ളംകളി മുന്നേറുന്നതെന്നു മുൻ മന്ത്രി ജി. സുധാകരൻ പറഞ്ഞു. 69-ാം നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗമായി നടത്തിയ വഞ്ചിപ്പാട്ട് മത്സരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിനിടെ നെഹ്റു ട്രോഫി വള്ളംകളിയുടെ ഓൺലൈൻ ടിക്കറ്റ് വിൽപന 10 ലക്ഷം രൂപ കടന്നു. പേയ്‍ടിഎം, ടിക്കറ്റ് ജീനി, സൗത്ത് ഇന്ത്യൻ ബാങ്ക് തുടങ്ങിയവയിലൂടെയാണു ടിക്കറ്റ് വിൽപന. പ്രിന്റ് ചെയ്ത ടിക്കറ്റുകളുടെ വിൽപന എത്രത്തോളമായെന്നു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ സർക്കാർ ഓഫിസുകളിൽ നിന്നു കണക്കുകൾ ലഭിച്ചെങ്കിൽ മാത്രമാകും അറിയുക.