തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസിലെ ഒന്നാംപ്രതി ഗ്രീഷ്മക്കെതിരെ പൊലീസ് ആത്മഹത്യാ ശ്രമത്തിന് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് ഡിവൈഎസ്പി ഓഫീസില്‍ വെച്ച് ഗ്രീഷ് ആത്മഹത്യക്ക് ശ്രമിച്ചത്. സ്റ്റേഷന് പുറത്തെ ശുചിമുറിയില്‍ വെച്ച് ഗ്രീഷ്മ അണുനാശിനി കുടിക്കുകയായിരുന്നു. ശാരീരികാസ്വസ്ഥത പ്രകടിപ്പിച്ച ഗ്രീഷ്മയെ ഉടന്‍ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ച് അടിയന്തര ചികിത്സ നൽകി. മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്ന ഗ്രീഷ്മയെ പ്രത്യേക വൈദ്യസംഘം ഇന്നു പരിശോധിക്കും. പ്രത്യേക വൈദ്യസംഘത്തിന്‍റെ പരിശോധനയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരേണ്ടതില്ലെന്ന് വിലയിരുത്തിയാല്‍ മെഡിക്കല്‍ കേളേജിലെ പ്രത്യേക പൊലീസ് സെല്ലിലേക്ക് ഗ്രീഷ്മയെ മാറ്റും. ആരോഗ്യനില മെച്ചപ്പെട്ടാല്‍ ചോദ്യം ചെയ്യലടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം.
അതേസമയം ഇതിനിടെ ഷാരോൺ രാജ് വധക്കേസിൽ പ്രതിയായ ഗ്രീഷ്മയുടെ അമ്മയുടേയും അമ്മാവന്‍റേയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. സിന്ധു , നിർമ്മൽ കുമാർ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. അമ്മ സിന്ധുവും അമ്മാവന്‍ നിര്‍മല്‍കുമാറിനെയും തെളിവ് നശിപ്പിച്ചതിനാണ് പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്തത്. സിന്ധുവിനേും നിർമ്മൽ കുമാറിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും.