അഭിഭാഷകനും നടനുമായ സി.ഷുക്കൂറിന് സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി. ഇതേത്തുടർന്ന് അദ്ദേഹത്തിന്റെ കാഞ്ഞങ്ങാട്ടെ വീടിന് പൊലീസ് സംരക്ഷണം ഏർപ്പെടുത്തി. മുസ്ലിം പിന്തുടർച്ചവകാശ നിയമപ്രകാരം പെൺമക്കൾക്ക് പൂർണ സ്വത്തവകാശം കിട്ടണമെന്ന നിലപാടിന്റെ ഭാഗമായി ഷുക്കൂർ ഭാര്യ ഷീനയെ സ്പെഷ്യൽ മേരേജ് ആക്ട് പ്രകാരം വീണ്ടും വിവാഹം കഴിച്ചിരുന്നു. ഇതിന് പിന്നാലെ ഇദ്ദേഹത്തിന് നേരെ ആക്രമണം നടക്കാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയത്. ഷുക്കൂറി്നറെ കാഞ്ഞങ്ങാട്ടെ വീടിനാണ് പോലീസ് കാവൽ ഒരുക്കിയിരിക്കുന്നത്.
ബുധനാഴ്ച രാവിലെ 10.15ന് ഹൊസ്ദുര്‍ഗ് സബ് രജിസ്ട്രര്‍ ഓഫീസില്‍ വെച്ചാണ് ഇരുവരും രണ്ടാമത് വിവാഹിതരായത്. ലോക വനിതാ ദിനത്തില്‍ തങ്ങളുടെ പെണ്‍മക്കളെ സാക്ഷിയാക്കിയാണ് ദാമ്പത്യത്തിന്റെ 28-ാം വര്‍ഷത്തില്‍ ഇരുവരും രജിസ്ട്രര്‍ വിവാഹം ചെയ്തത്. ഷുക്കൂറിന്റേയും ഷീനയുടേയും മക്കളായ ഖദീജ ജാസ്മിനെയും, ഫാത്തിമ ജെബിനെയും, ഫാത്തിമ ജെസയെയും സാക്ഷിയാക്കിയാണ് ഇരുവരും വിവാഹിതരായത്.
മതപരമായി വിവാഹിതരായവരും പെൺമക്കൾ മാത്രമുള്ളവരുമായ മാതാപിതാക്കൾ മരണപ്പെട്ടാൽ അവരുടെ സ്വത്തിൽ ഒരു വിഹിതം പെൺമക്കൾക്കു പുറമേ മാതാപിതാക്കളുടെ സഹോദരങ്ങൾക്കു കൂടി അവകാശപ്പെട്ടതാണെന്ന മുസ്‌ലിം പിന്തുടർച്ച നിയമത്തിലെ അപാകത ചൂണ്ടിക്കാണിക്കാനാണ് വിവാഹമെന്നു ഷുക്കൂറും ഷീനയും വ്യക്തമാക്കിയിരുന്നു.