ജനവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യത്ത് ഉയർന്നു വരുന്ന ജനവിധിയാണ് കർണാടകയിലെ വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് വീണ്ടും ബിജെപി അധികാരത്തിൽ വരരുത് എന്ന വികാരം ശക്തമാണ്. ബിജെപിക്കെതിരെ അണിനിരത്താൻ ആകുന്നവരെ ഒന്നിച്ച് നിർത്തുക. കോൺഗ്രസ് കുറേക്കാലം ഒറ്റയ്ക്ക് രാജ്യം ഭരിച്ചതാണ്. ഇനി അതിനാകില്ലെന്ന് എല്ലാവർക്കും അറിയാം. ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഇതര രാഷ്ട്രീയ പാർട്ടികളാണ് അധികാരത്തിലുള്ളത്. ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്തുക എന്നതാവണം ലക്ഷ്യം. അതിനായിരിക്കണം കോൺഗ്രസും തയ്യാറാവേണ്ടതണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജയിച്ച കോൺഗ്രസും ചില പാഠങ്ങൾ പഠിക്കണം.പരാജയപ്പെട്ടിട്ടും ഭരണത്തിലെത്താൻ നേരത്തെയും ബിജെപി ശ്രമിച്ചിട്ടുണ്ട്. അതിന് സഹായകരമായ നിലപാട് അവിടെ തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ നേരത്തേ സ്വീകരിച്ചിട്ടുണ്ട്. ആ ദുരനുഭവം ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസ് തിരിച്ചുവരുന്നതിന്‍റെ തുടക്കമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പ്രതികരിച്ചു. ബിജെപിയുടെ മോദി ബ്രാൻഡെന്നത് വെറും ഊതിപ്പെരുപ്പിച്ച നീര്‍ക്കുമിളയാണെന്ന് ജനം വിധിയെഴുതി. മോദി തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയ സ്ഥലങ്ങളിലെല്ലാം ബിജെപി ദയനീയമായി പരാജയപ്പെട്ടു. കര്‍ണാടകയിലെ ബിജെപിയുടെ പരാജയം മോദിയുടെ കൂടിയാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. സർക്കാരിനെതിരായ ജനങ്ങളുടെ ശക്തമായ പ്രതിഷേധമാണ് ഈ ഫലം. തിരഞ്ഞെടുപ്പില്‍ അലയടിച്ചത് രാഹുല്‍ ഗാന്ധി തരംഗമാണ്. ബിജെപിയുടെ വെറുപ്പിന്‍റെ രാഷ്ട്രീയത്തെ കോൺഗ്രസ് നേരിട്ടത് സ്നേഹത്തിന്‍റെ രാഷ്ട്രീയം കൊണ്ടായിരുന്നു. പാവപ്പെട്ട ജനങ്ങൾ കോൺഗ്രസ് പക്ഷത്തായിരുന്നു. മോദി മണിക്കൂറുകളാണ് റോഡ് ഷോ നടത്തിയത്. വൻ തോതിൽ ബിജെപി പണമൊഴുക്കി. എന്നിട്ടും ജനം കോൺഗ്രസിന് ഒപ്പം നിന്നുവെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.