മുഖ്യമന്ത്രി പിണറായി വിജയന്റെ പോലീസ് അകമ്പടി വാഹനം അമിതവേഗത്തിൽ പോയതിനെതിരെ കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടു. പാലാ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് സംഭവവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് തേടിയത്. വെള്ളിയാഴ്ച പാലാ കോഴ ഭാഗത്ത് മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം അമിതമായ വേഗതയിൽ പോയിരുന്നു. ഇതിനെ തുടർന്ന് കുറവിലങ്ങാട് എസ് എച്ച് ഓയെ കോടതിയിൽ വിളിച്ചു വരുത്തിയാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്.
മജിസ്ട്രേറ്റിന്റെ വാഹനത്തിന് അടക്കം അപകടഭീതി ഉണ്ടാക്കിക്കൊണ്ടായിരുന്നു പോലീസ് അകമ്പടി വാഹനം ചീറിപ്പാഞ്ഞത്. സംഭവത്തെ തുടർന്ന് സാധാരണക്കാരനും റോഡിലൂടെ യാത്ര ചെയ്യണ്ടേ? എന്ന് കോടതി മജിസ്ട്രേറ്റ് ജി പദ്മകുമാർ ചോദിച്ചു. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം കടന്നുപോകുന്ന സമയം പാലാ മജിസ്ട്രേറ്റിന്റെ വാഹനവും അതുവഴി വന്നു. ഇതോടെയാണ് മുഖ്യമന്ത്രിയുടെ പോലീസ് അകമ്പടി വാഹനം അമിതവേഗതിയിൽ ചീറിപ്പാഞ്ഞത് മജിസ്ട്രേറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്. മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോകുന്നതിനായി റോഡ് ഗതാഗതം തടസ്സപ്പെടുത്തിയതും , അകമ്പടി വാഹനങ്ങൾ അമിതവേഗതയിൽ ചീറിപ്പാഞ്ഞതും മജിസ്ട്രേറ്റ് നേരിട്ട് കണ്ടതിനെ തുടർന്ന് സംഭവത്തിൽ കൃത്യമായ വിശദീകരണം നൽകാൻ മജസ്ട്രേറ്റ് ആവശ്യപ്പെടുകയായിരുന്നു. റിപ്പോർട്ട് 17ന് മുൻപ് സമർപ്പിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.