പത്മജ വേണുഗോപാലിനെ ബിജെപിയിലേക്ക് ആരും ക്ഷണിച്ച് കൂട്ടിക്കൊണ്ട് വന്നതല്ലെന്ന് തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. പത്മജ സ്വന്തം ഇഷ്ടപ്രകാരം വന്നതാണ്. പത്മജയുടെ ആഗ്രഹം കേന്ദ്ര നേതൃത്വം അംഗീകരിക്കുകയായിരുന്നു. കേന്ദ്ര നേതാക്കൾ പറഞ്ഞാൽ എനിക്കും സ്വീകാര്യമാണ്. കെ മുരളീധരനും പത്മജയും ആങ്ങളയും പെങ്ങളുമാണോയെന്ന് അവർ തന്നെ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ പത്മജയെ ബിജെപിയിലെത്തിച്ചത് മുൻ ഡിജിപി ലോക്നാഥ് ബെഹ്റയാണെന്ന് കെ മുരളീധരൻ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയിലേക്ക് പത്മജയെ ആരും ക്ഷണിച്ചതല്ല, പത്മജ സ്വന്തം ഇഷ്ടപ്രകാരം വന്നതാണെന്ന് സുരേഷ് ഗോപി വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ പ്രചാരണ പരിപാടികളിൽ പത്മജ പങ്കെടുത്തിരുന്നു. സുരേഷ് ഗോപി ജയിക്കുമെന്ന ആത്മവിശ്വാസവും പത്മജ പ്രകടിപ്പിച്ചിരുന്നു. സഹോദരൻ കൂടിയായ കെ മുരളീധരനാണ് സുരേഷ് ഗോപിയുടെ എതിരാളി. നേരത്തെ മുരളീധരൻ വടകര സീറ്റിൽ മത്സരിക്കുമെന്ന് കരുതിയിരിക്കുമ്പോഴാണ് സർപ്രൈസ് സ്ഥാനാര്‍ത്ഥിയായി തൃശ്ശൂരിലിറക്കാൻ തീരുമാനിച്ചത്. ഇതോടെ വടകരയിൽ ഷാഫി പറമ്പിൽ സ്ഥാനാര്‍ത്ഥിയായി.
അതേസമയം കോൺഗ്രസിനെതിരെ പത്മജ വേണുഗോപാൽ കടുത്ത ആക്രമണമാണ് നടത്തുന്നത്. കെ മുരളീധരനും നാളെ ബിജെപിയിലേക്ക് പോകേണ്ടിവരുമെന്ന് പത്മജ പറഞ്ഞു. തൃശ്ശൂരിൽ തന്നെ തോൽപ്പിച്ചതുപോലെ മുരളീധരനെയും കോൺഗ്രസുകാർ തോൽപ്പിക്കും. അങ്ങനെ സംഭവിച്ചാൽ അദ്ദേഹത്തിനും ബിജെപിയിലേക്ക് പോവുന്നത് ചിന്തിക്കേണ്ടിവരും. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കോൺഗ്രസിന്റെ കരുത്തരായ നേതാക്കൾ പോലും ബിജെപിയിലേക്ക് വരുമെന്നും പത്മജ കൂട്ടിച്ചേർത്തു. ഒരു മുൻ ഡി സി സി പ്രസിഡന്റ് പണം തട്ടി. തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്കാ ഗാന്ധിയെ എത്തിക്കുന്നതിന് 28 ലക്ഷം രൂപ അദ്ദേഹം ആവശ്യപ്പെട്ടുവെന്നും പത്മജ ആരോപിച്ചു.