മൂന്നാറിലെ ഗൂഡാർവിള എസ്റ്റേറ്റിൽ നിന്ന് മാട്ടുപ്പെട്ടിയിലെ തേയില ഫാക്ടറിയിലേക്ക് തേയില കൊളുന്തുമായി എത്തിയ ട്രാക്ടർ കാട്ടുകൊമ്പൻ പടയപ്പ തടഞ്ഞു. നെറ്റിമേട് ഭാഗത്ത് എത്തിയപ്പോഴാണ് പടയപ്പ വാഹനം തടഞ്ഞത്. കാട്ടാനയെ കണ്ടതോടെ ഡ്രൈവർ സെൽവകുമാർ വാഹനത്തിൽ നിന്ന് ഇറങ്ങി ഓടി. ട്രാക്ടറിൽ ഭക്ഷണസാധനങ്ങളാണെന്ന് കരുതി പടയപ്പ വാഹനത്തിന് ചുറ്റും നടന്ന് തിരച്ചിൽ നടത്തിയെങ്കിലും ഒന്നും ലഭിച്ചില്ല. അതി ഇടയിലാണ് അൽപം മാറിനിന്ന് ഡ്രൈവർ സെൽവകുമാർ പടയപ്പയോട് “‘പിള്ളയാറപ്പാ ഒന്നും സേഞ്ചിടാതപ്പാ” എന്ന് ഉറക്കെ വിളിച്ചുപറയുന്നത്. ഗണപതിയെ ആണ് തമിഴിൽ പിള്ളൈയാർ എന്നു വിളിക്കുന്നത്.
അതേസമയം അനുസരണയെന്നവണ്ണം പടയപ്പ കൊളുന്ത് നിറച്ച ചാക്കുകൾ വലിച്ചു പുറത്തിടുകയോ ട്രാക്ടറിന് കേടുപാടുകൾ വരുത്തുകയോ ചെയ്യാതെ ഒരു മണിക്കൂറോളം റോഡിൽ നിലയുറപ്പിച്ച ശേഷം തേയിലത്തോട്ടത്തിലൂടെ പടയപ്പ കാട്ടിലേക്ക് മടങ്ങുകയും ചെയ്തു.