വയനാട് മാനന്തവാടി നഗരത്തിൽ ഇറങ്ങിയ കാട്ടാനയെ മയക്കുവെടി വയ്ക്കാൻ ഉത്തരവായി
മാനന്തവാടി ടൗണിനോട് ചേർന്ന് കാട്ടാന നിലയുറപ്പിച്ചതിനാൽ മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നഗരത്തിൽനിന്ന് മൂന്ന് കിലോമീറ്റർ മാത്രം അകലെയുള്ള കണിയാരത്തും പായോടുമാണ് ഒറ്റയാനെത്തിയത്. ആന ഇപ്പോൾ തുറസ്സായ സ്ഥലത്താണ് നിലയുറപ്പിച്ചിരിക്കുന്നത്. വാഴത്തോട്ടത്തിനടുത്തേക്ക് ആന എത്തിയിട്ടുണ്ട്. ആനയെ പൂട്ടാൻ കുങ്കിയാനകളായ വിക്രമും സൂര്യയും എത്തിയിട്ടുണ്ട്. കർണാടകയിൽനിന്നുള്ള ഒറ്റയാനാണ് ഇത്. ജനവാസമേഖലയിൽ ഇറങ്ങി 9 മണിക്കൂർ കഴിഞ്ഞാണ് മയക്കുവെടിവയ്ക്കാൻ തീരുമാനമായത്.
രാവിലെയാണ് പായോട്കുന്നില്‍ പ്രദേശവാസികള്‍ ആനയെ കണ്ടത്. ജനവാസകേന്ദ്രങ്ങളിലൂടെ നീങ്ങിയ ആന പിന്നീട് പുഴ നീന്തിക്കടന്ന് മാനന്തവാടി താഴെയങ്ങാടി ഭാഗത്തെത്തി. ന്യൂമാന്‍സ് കോളേജ്, എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ്, മിനി സിവില്‍ സ്റ്റേഷന്‍, കോടതി, സബ് ട്രഷറി, വനം വകുപ്പ് വിശ്രമ മന്ദിരം എന്നിവയ്ക്കു സമീപത്തുകൂടെ പോയ ആന എട്ടുമണിയോടെ മാനന്തവാടി ട്രാഫിക് പൊലീസ് സ്റ്റേഷനു മുന്നിലെത്തി. ആനയെ പടക്കം പൊട്ടിച്ച് അകറ്റാന്‍ വനപാലകരും പൊലീസും ശ്രമിക്കുന്നുണ്ട്. ആന ഇതുവരെ പ്രകോപനമൊന്നും ഉണ്ടാക്കിയിട്ടില്ല.
20 വയസിന് താഴെ പ്രായമുള്ള കൊമ്പന്‍ കര്‍ണാടക വനമേഖലയില്‍നിന്നുമാണ് വയനാട്ടിലെത്തിയത്. ഹാസൻ ഡിവിഷന് കീഴില്‍ ഇക്കഴിഞ്ഞ ജനുവരി 16ന് മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് കാട്ടില്‍ വിട്ടിരുന്നതാണ്. പതിവായി കാപ്പിത്തോട്ടങ്ങളിലിറങ്ങി ഭീതി പരത്തിയിരുന്ന കാട്ടാന ഇതുവരെയും ആരെയും ഉപദ്രവിച്ചതായി വിവരമില്ല. ആളുകളെ ഉപദ്രവിച്ചതായി വിവരമില്ലെങ്കിലും ഹാസന്‍ ഡിവിഷനിലെ ജനവാസ മേഖലയില്‍ പതിവായി എത്തി ഭീതിപരത്തിയിരുന്നു. മറ്റൊരു കൊമ്പന്‍ ആനയുടെയും മോഴയാനയുടെയും ഒപ്പമായിരുന്നു ഇപ്പോള്‍ വയനാട്ടിലെത്തിയ ഈ കൊമ്പന്‍ ഹാസനിലെ കാപ്പിത്തോട്ടത്തില്‍ വിഹരിച്ചിരുന്നത്.
ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മാനന്തവാടി ടൗണിലേക്ക് ആളുകൾ വരുന്നതിന് ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. ആളുകൾ കൂട്ടംകൂടുകയോ ആനയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുകയോ ചെയ്താൽ നിയമ നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു. ഇതില്‍ മോഴയാനയെയും മാനന്തവാടിയിലിറങ്ങിയ കൊമ്പനെയുമാണ് റേഡിയോ കോളര്‍ ഘടിപ്പിച്ച് ഉള്‍ക്കാട്ടിലേക്ക് തുരത്തിയിരുന്നത്. 2018നുശേഷമാണ് ആനയുടെ കൊമ്പ് മുറിഞ്ഞത്. ബേലൂര്‍ റേഞ്ചില്‍നിന്നായിരുന്നു നേരത്തെ കാട്ടാനയെ പിടികൂടിയിരുന്നത്.