പ്രേം നസീറിന്റെ ആദ്യ നായികയായ നെയ്യാറ്റിൻകര കോമളം (96) അന്തരിച്ചു. പാറശാല സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ആയിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ച് നാളായി ചികിത്സയിലായിരുന്നു.
പ്രേം നസീറിന്റെ ആദ്യ ചിത്രമായ മരുമകളിലാണ് കോമളം നായികയായി എത്തിയത്. ഇതിൽ കല്ല്യാണിയമ്മ എന്ന വേഷത്തിലായിരുന്നു കോമളം എത്തിയത്. ശേഷം വനമാല, ആത്മശാന്തി, സന്ദേഹി തുടങ്ങിയ സിനിമകളിലും അവർ അഭിനയിച്ചു. പ്രേം നസീറിന്റെ ആദ്യ ചിത്രവും കോമളത്തിന്റെ മൂന്നാമത്തെ ചിത്രവുമായിരുന്നു മരുമകൾ. അബ്ദുൾഖാദർ എന്ന പേരിൽ പ്രേം നസീർ ആദ്യമായി നായകനായി അഭിനയിച്ചത് ഈ ചിത്രത്തിലായിരുന്നു. ചെന്നൈയിൽവച്ച് ചിത്രീകരിച്ച ആത്മശാന്തിയിൽ മിസ് കുമാരിയൊടൊപ്പമാണ് അവർ അഭിനയിച്ചത്. 1955ല്‍ പുറത്ത് വന്ന ന്യൂസ്പേപ്പര്‍ ബോയ് ശ്രദ്ധേയ ചിത്രം. പി. രാമദാസ് സംവിധാനം ചെയ്ത് 1955 ൽ പുറത്ത് വന്ന ഒരുകൂട്ടം കോളേജ് വിദ്യാർത്ഥികളുടെ പരീക്ഷണസംരംഭമായിരുന്ന ന്യൂസ്പേപ്പർ ബോയ്.
മദ്രാസിൽ ആത്മശാന്തി എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങവെയാണ് മകളിലേക്ക് കോമളത്തിന് അവസരം ലഭിക്കുന്നത്. നിർമാതാവിന്റെ നിർദ്ദേശ പ്രകാരം അമ്മയും കോമളവും സേലത്തേക്ക് തിരിച്ചു. രത്ന സ്റ്റുഡിയോയിൽ എത്തിയപ്പോഴാണ് അവർ അബ്ദുൾ ഖാദറിനെ കാണുന്നത്. ഒരാഴ്ചത്തെ ഷൂട്ടിങ്ങിന് ശേഷം കോമളം നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. പിന്നീട് അബ്ദുൾ ഖാദർ പ്രേം നസീറായി. ഈ അവസരത്തിൽ കോമളം സിനിമ പൂർണമായും ഉപേക്ഷിച്ചിരുന്നു.