69 ആം നെഹ്റു ട്രോഫി വള്ളംകളിയിൽ വീയപുരം ചുണ്ടൻ ജലരാജാവ്. ആവേശം വാനോളമെത്തിയ ഫൈനലിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഒടുവിൽ ആണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ കിരീടം നേടിയത്. പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുടർച്ചയായി നാലാം കിരീടം നേടി കപ്പിൽ മുത്തമിട്ടു.
വീയപുരം, നടുഭാഗം, ചമ്പക്കുളം, കാട്ടിതെക്കെതിൽ എന്നിവരായിരുന്നു ഫൈനലിൽ ഏറ്റുമുട്ടിയത്. മത്സരത്തിൽ പങ്കെടുത്ത വള്ളങ്ങളെല്ലാം മികച്ച സമയം പാലിച്ചു. അഞ്ച് ഹീറ്റ്സിലായി മികച്ച സമയം കുറിച്ചാണ് പള്ളാത്തുരുത്തി വിജയം നേടിയത്. കഴിഞ്ഞ തവണ പള്ളാത്തുരുത്തി തുഴഞ്ഞ മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടനായിരുന്നു വിജയികളായത്. കുമരകം ടൗണ്‍ ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടനാണ് രണ്ടാമത്. യുബിസി തുഴഞ്ഞ നടുഭാഗം ചുണ്ടൻ മൂന്നാമതും കേരള പൊലീസ് തുഴഞ്ഞ കാട്ടിൽ തെക്കെതിൽ നാലാമതും ഫിനിഷ് ചെയ്തു.
പത്തൊന്‍പത് ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 72 കളിവള്ളങ്ങളാണ് ഇത്തവണ നെഹ്റു ട്രോഫി ജലമേളയില്‍ പങ്കെടുത്തത്. പ്രൊഫഷല്‍ തുഴച്ചില്‍കാരും ഇതരസംസ്ഥാനങ്ങളിലെ തുഴച്ചില്‍കാരും ഇത്തവണ ചുണ്ടൻ വള്ളങ്ങൾ തുഴഞ്ഞു. ഉദ്ഘാടനച്ചടങ്ങുകൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ എത്തിച്ചേരുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥയെ തുടർന്ന് അദ്ദേഹം സഞ്ചരിച്ച ഹെലികോപ്ടർ ലാൻറ് ചെയ്യാൻ സാധിച്ചില്ല. തുടർന്ന് മന്ത്രി സജി ചെറിയാനാണ് വള്ളംകളി മത്സരങ്ങൾക്ക് ആരംഭം കുറിച്ച് പതാക ഉയർത്തിയത്.