കേരളത്തിലെ ഐ എ എസ് ഉദ്യോഗസ്ഥരുടെ പൊരിഞ്ഞ പോരിനിടെ എൻ പ്രശാന്ത് ഐ എ എസ് പരസ്യ പ്രതികരണവുമായി വീണ്ടും രംഗത്തുവന്നു. ‘ഓണക്കിറ്റിൽ ഫ്രീ കിട്ടിയതല്ല ഐ എ എസ് എന്നും കരിയർ തീർക്കാൻ മാത്രം ആരും കേരളത്തിലില്ലെന്നുമാണ് എൻ പ്രശാന്ത് ഏറ്റവും ഒടുവിലായി കുറിച്ചത്. അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലക് ഐ എ എസിനെതിരായ പരസ്യ വിമർശനമുന്നയിച്ച ഫേസ്ബുക്ക് പോസ്റ്റിനടിയിൽ വന്ന കമന്‍റിനുള്ള മറുപടിയായാണ് എൻ പ്രശാന്ത് ഇക്കാര്യം കുറിച്ചത്.
‘ജനിച്ച് വീണതേ ഐ എ എസ് ആവും എന്ന് കരുതിയിട്ടല്ല. പഠിച്ചതാകട്ടെ നിയമമാണ്. ഓണക്കിറ്റിൽ ഫ്രീ ആയി കിട്ടിയതല്ല, പഠിച്ച് എഴുതി കിട്ടിയ ജോലിയാണ്. ജോലിയും കരിയറും തീർക്കാൻ മാത്രം ആരും കേരളത്തിൽ ഇല്ല എന്നാണെന്‍റെ ഒരിത്’ – ഇങ്ങനെയായിരുന്നു പ്രശാന്ത് നൽകിയ ഒരു മറുപടി.‘നിങ്ങൾ ഒരു സർക്കാർ ഉദ്യോഗസ്ഥനാണ്. സംസാരിക്കുന്നതും എഴുതുന്നതും ഒക്കെ നല്ലോണം ആലോചിച്ചു ചെയ്യൂ.. ജോലിയും കരിയറും ഒക്കെ ഇല്ലാതാക്കാൻ കഴിയുന്ന ഒരു വിഭാഗം തലക്കുമുകളിൽ ഉണ്ടെന്നു മറന്നു പോകരുത്. സമാധാനമായി ചിന്തിച്ചു പക്വതയോടെ വേണ്ടത് ചെയ്യൂ’ എന്ന കമന്‍റിനുള്ള മറുപടിയായാണ് എൻ പ്രശാന്ത് ഇങ്ങനെ കുറിച്ചത്.
തനിക്കെതിരായ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ വാര്‍ത്തയായതിന് പിന്നാലെ അഡീഷണല്‍ ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരെ എന്‍. പ്രശാന്ത്. അടുത്ത ചീഫ് സെക്രട്ടറിയാണെന്ന് സ്വയം പ്രഖ്യാപിച്ച മഹദ് വ്യക്തിയെന്ന് ജയതിലകിനെ വിശേഷിപ്പിച്ച പ്രശാന്ത്, അദ്ദേഹത്തിനെതിരെ സര്‍ക്കാര്‍ ഫയലുകള്‍ പുറത്തുവിടുമെന്നും ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഡോ. ജയതിലകിനെ കുറിച്ച് പൊതുജനം അറിയേണ്ട ചില കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും എൻ പ്രശാന്ത് പറഞ്ഞു
റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ വാര്‍ത്തയായതിന് പിന്നാലെ എ. ജയതിലകിനെതിരെ നേരത്തെ തന്നെ പ്രശാന്ത് രംഗത്തെത്തിയിരുന്നു. ജയതിലകിനെ മാടമ്പള്ളിയിലെ യഥാര്‍ഥ മനോരോഗിയെന്നാണ് പ്രശാന്ത് ഫെയ്‌സ്ബുക്ക് കമൻ്റിലൂടെ വിശേഷിപ്പിച്ചത്. ഇത് വിവാദമായതോടെ കമൻ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. പട്ടികജാതി- വര്‍ഗ വിഭാഗക്കാരുടെ ക്ഷേമത്തിനും വിവിധ പദ്ധതികളുടെ നിര്‍വഹണത്തിനുമായി രൂപവത്കരിച്ച ഉന്നതിയിലെ ഫയലുകള്‍ കാണാനില്ലെന്ന മാതൃഭൂമി വാര്‍ത്തയാണ് പ്രകോപനം.
ഡോ. ജയതിലകിനെ കുറിച്ച് പൊതുജനം അറിയേണ്ട ചില കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും സർക്കാർ ഫയലുകൾ പൊതുജന മധ്യത്തിൽ ചർച്ച ചെയ്യേണ്ടി വരുന്നത് ഇഷ്ടമല്ലെങ്കിലും, തൽക്കാലം വേറെ നിർവ്വാഹമില്ലെന്നും പ്രശാന്ത് പറയുന്നു. വിവരാവകാശ പ്രകാരം പോതുജനത്തിന് അറിയാൻ അവകാശമുള്ള കാര്യങ്ങൾ മാത്രമാണ് വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നത്. ഇന്നും തുടർന്നുള്ള ദിവസങ്ങളിലും സമയം കിട്ടുമ്പോൾ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും പ്രശാന്ത് ഫെയ്സ്ബുക് കുറിപ്പിൽ പറഞ്ഞു.
അഡീഷണല്‍ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ മാതൃഭൂമി കഴിഞ്ഞ ദിവസം വാര്‍ത്തയാക്കിയിരുന്നു. ഇതിനെതിരെയാണ് പ്രശാന്ത് രംഗത്തെത്തിയത്. അധിക്ഷേപഭാഷയിലുള്ള പോസ്റ്റില്‍ വന്ന ഒരു കമൻ്റിന് മറുപടിയായാണ് പ്രശാന്ത് എ. ജയതിലക് ഐ.എ.എസിനെതിരെ പരാമര്‍ശം നടത്തിയത്.
ഡോ. ജയതിലകിന് റിപ്പോര്‍ട്ടുകള്‍ എങ്ങനെ ഇവര്‍ ചോര്‍ത്തുന്നു. ആരാണ് ഇടനിലക്കാര്‍ എന്നായിരുന്നു കമന്റ്. ഇതിന് മറുപടിയായി, ‘ഈ ജയതിലക് എന്ന വ്യക്തി തന്നെയാണ് ബ്രോ മാടമ്പള്ളിയിലെ യഥാര്‍ഥ ചിത്തരോഗി’ എന്നാണ് പ്രശാന്ത് കുറിച്ചത്. പട്ടികജാതി- വര്‍ഗ വകുപ്പ് സപെഷ്യല്‍ സെക്രട്ടറിയായിരുന്ന എന്‍. പ്രശാന്ത് ജോലിക്ക് ഹാജരാകാതെ ഹാജര്‍ രേഖപ്പെടുത്തിയെന്ന കണ്ടെത്തലും വാര്‍ത്തയായിയിരുന്നു.
ഇതിന് പിന്നാലെയാണ് ജയതിലകിൻ്റെ ചിത്രം അടക്കം പങ്കുവെച്ച് വീണ്ടും ഫെയ്സ്ബുക്ക് പോസ്റ്റുമായി പ്രശാന്ത് രംഗത്തെത്തിയത്.