കൈതോലപ്പായയിൽ സി.പി.എം ഉന്നത നേതാവ് പണം കടത്തിയെന്ന ആരോപണത്തിൽ ദേശാഭിമാനി മുൻ അസോസിയറ്റ് എഡിറ്റർ ജി. ശക്തിധരൻ മൊഴി നൽകാൻ ഹാജരായി. ഉന്നത നേതാവ് കൈതോലപ്പായയിൽ പൊതിഞ്ഞ് രണ്ടരക്കോടി കടത്തിയെന്നും പ്രമുഖ ഹോട്ടലിൽ നിന്ന് 20 ലക്ഷം വാങ്ങിയെന്നുമായിരുന്നു ശക്തിധരന്‍റെ വെളിപ്പെടുത്തൽ. പണം കടത്തിയതിന് സാക്ഷിയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരുന്നു. കന്‍റോൺമെന്‍റ് എ.സി.പിയുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തുന്നത്. സിപിഎമ്മിന്റെ ഉന്നത നേതാവ് കലൂരിലെ ‘ദേശാഭിമാനി’ ഓഫിസിൽ രണ്ടുദിവസം ചെലവിട്ടു സമ്പന്നരിൽനിന്നു പണം കൈപ്പറ്റിയെന്നും അതിൽ രണ്ടു കോടിയിലേറെ രൂപ എണ്ണിത്തിട്ടപ്പെടുത്തുന്നതിനു താൻ സാക്ഷിയാണെന്നുമായിരുന്നു ശക്തിധരന്റെ ആരോപണം.
ശക്തിധരന്‍റെ ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബെന്നി ബെഹനാൻ എം.പിയാണ് പൊലീസ് മേധാവിക്ക് പരാതി നൽകിയത്. കൂടാതെ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ കൊലപ്പെടുത്താൻ വാടകക്കൊലയാളികളെ സിപിഎം അയച്ചിരുന്നതായും ശക്തിധരൻ ആരോപിച്ചിരുന്നു.
അതേസമയം, പൊലീസ് തന്‍റെ ഫോൺ നിരീക്ഷിക്കുന്നതായി ശക്തിധരൻ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ഇന്നലെ ആരോപിച്ചിരുന്നു. ഒരാഴ്ചയായി ഗൂഢസംഘം തന്‍റെ ഫോണിൽ ഏത് അസമയത്തും കടന്നുകയറി അസഭ്യവർഷം ചൊരിയുകയാണ്. സൈബർ ആക്രമണത്തിന് പിന്നിൽ പാർട്ടിയിൽ അമിതാധികാര കേന്ദ്രമായി വാഴുന്ന ക്ഷുദ്രജീവികളാണ്. വിദേശത്തു നിന്നുള്ള ഇന്‍റർനെറ്റ് കോളുകളാണ് ഏറെയും. ഇതിനെക്കാൾ ഭേദം കൊല്ലുകയാണെന്നും കുറിപ്പിൽ പറയുന്നു.