ടൈഫോയ്ഡ് വാക്സിന്റെ വില കുറഞ്ഞ മരുന്നുകൾ പൂഴ്ത്തി വയ്ക്കുകയും വിലകൂടിയ മരുന്നുകൾ വിൽക്കുകയും ചെയ്യുന്നവർക്കെതിരെ കർശനമായ നടപടി എടുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഇത് സംബന്ധിച്ച നിർദ്ദേശം ഡ്രഗ്സ് കൺട്രോളർക്ക് നൽകി. വിലകൂടിയ ടൈഫോയിഡ് മരുന്നുകൾ മെഡിക്കൽ സ്റ്റോറുകൾ വില്പന നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി.
ടൈഫോയ്ഡിനുള്ള വാക്സിൻ സർക്കാർ ആശുപത്രികളിലില്ലാത്തത് വലിയ വിലയ്ക്ക് വാക്സിൻ വിൽക്കുന്നതിന് ഒരു കാരണമായി മാറുന്നുണ്ട്. ആശുപത്രികളിൽ വാക്സിൻ ലഭ്യമല്ലാത്തതിനാൽ പുറത്തുനിന്ന് വാങ്ങുന്ന മരുന്നാണ് ആശുപത്രികളിൽ കുത്തിവയ്ക്കുന്നത്. മെഡിക്കൽ സ്റ്റോറുകളിൽ ഇതിന് 220 രൂപയാണ് വില.