ഇസ്രായേലിൽ നൂതന കൃഷി രീതി പഠിക്കാൻ കേരളത്തിൽ നിന്നും പോയ കർഷകസംഘത്തിൽ നിന്നും മുങ്ങിയ ബിജു കുര്യൻ നാട്ടിൽ തിരിച്ചെത്തി. ഗൾഫ് എയർ ഇന്ത്യ വിമാനത്തിൽ ഇന്ന് അതിരാവിലെയാണ് കരിപ്പൂർ വിമാനത്താവളത്തിൽ ബിജു എത്തിയത്. ബത് ലഹേം അടക്കമുള്ള പുണ്യ സ്ഥലങ്ങൾ ദർശിക്കാനാണ് സംഘത്തിൽ നിന്നും മാറി നിന്നതെന്നാണ് ബിജുവിന്റെ വിശദീകരണം. സംഘത്തിലെ അംഗങ്ങളോട് പറഞ്ഞുകഴിഞ്ഞാൽ അനുവദിക്കില്ല എന്ന് കരുതിയാണ് പറയാതെ മാറിനിന്നതെന്നും ബിജു പറഞ്ഞു. സംസ്ഥാന സർക്കാരിനോടും കൃഷിവകുപ്പിനോടും മാപ്പ് ചോദിക്കുന്നു എന്നും ബിജു കരിപ്പൂരിൽ വച്ച് മാധ്യമങ്ങളോട് പറഞ്ഞു.
ഇസ്രായേലിൽ നിന്നും മടങ്ങിയത് സ്വമേധയാ ആണെന്നും മുങ്ങി എന്ന വാർത്ത പ്രചരിച്ചപ്പോൾ വിഷമം തോന്നി എന്നും ബിജു പറഞ്ഞു. മാധ്യമങ്ങളോട് സംസാരിച്ച ശേഷം ബന്ധുക്കളോടൊപ്പം ബിജു നാട്ടിലേക്ക് തിരിച്ചു.
നൂതനമായ കൃഷി രീതികൾ പഠിക്കുന്നതിന് വേണ്ടിയായിരുന്നു കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോക്ടർ ബി അശോകിന്റെ നേതൃത്വത്തിൽ കേരളത്തിൽ നിന്നും 27 പേരടങ്ങുന്ന കർഷകസംഘം ഈ മാസം 12ന് ഇസ്രായേലിലേക്ക് പുറപ്പെട്ടത്. ഇവിടെവച്ച് കണ്ണൂർ സ്വദേശിയായ ബിജു കുര്യനെ കാണാതാവുകയായിരുന്നു. എന്നാൽ താൻ സുരക്ഷിതൻ ആണെന്ന് പിന്നീട് ബിജു വീട്ടിൽ വിളിച്ച് അറിയിച്ചിരുന്നു. ബിജു കുര്യൻ ഇല്ലാതെ ബാക്കിയുള്ളവർ ഫെബ്രുവരി 20ന് നാട്ടിൽ മടങ്ങിയെത്തി. ബിജു സംഘത്തിൽ നിന്നും മുങ്ങിയതാണെന്ന് ഉറപ്പുവരുത്തിയതോടെ സർക്കാർ ബിജുവിന്റെ വിസ റദ്ദ് ആക്കണമെന്ന് ഇന്ത്യൻ എംബസി വഴി ആവശ്യപ്പെട്ടിരുന്നു. വിസ കാലാവധി പൂർത്തിയാക്കുന്നതിന് മുൻപേ മടങ്ങിയെത്തിയാൽ നടപടികളിൽ ഇളവ് ഉണ്ടാകും എന്നും അതല്ല എങ്കിൽ വലിയ വില കൊടുക്കേണ്ടി വരും എന്നും ഇസ്രായേലിൽ ബിജുവിന്റെ ഭാവി അത്ര ശോഭനമായിരിക്കില്ല എന്നും എംബസി പറഞ്ഞിരുന്നു. ഇസ്രായേലിൽ ആരെങ്കിലും ബിജു കുര്യനെ സഹായിച്ചാൽ അവർക്കെതിരെയും കർശന നടപടി എടുക്കുമെന്ന് എംബസി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ബിജു കുര്യൻ തിരികെ നാട്ടിലെത്താൻ തീരുമാനിച്ചത് എന്നാണ് സൂചന.