പുത്തൻ പ്രതീക്ഷകളുമായി വീണ്ടുമൊരു പൊന്നിൻ ചിങ്ങം കൂടി വന്നെത്തി. ഇനി കൊല്ലവർഷം 1201-ാം ആണ്ടാണ്. സമൃദ്ധിയുടെ സ്വർണപ്രഭയുമായി പൊന്നിൻ ചിങ്ങം വീണ്ടുമെത്തിയിരിക്കുന്നു. മലയാളിക്ക് ചിങ്ങം ഒന്ന് കർഷകദിനം കൂടിയാണ്.
പുതുവര്‍ഷപ്പിറവി ആയതിനാല്‍ ചിങ്ങം ഒന്നിന് ഏറെ പ്രത്യേകതകളുമുണ്ട്. ഐശ്വര്യത്തിന്റേയും സമ്പല്‍സമൃദ്ധിയുടേയും മാസമെന്നാണ് ചിങ്ങ മാസത്തെ കണക്കാക്കുന്നത്. ചിങ്ങ മാസം പിറക്കുന്നതോടെ പ്രകൃതിയിലാകമാനം മാറ്റം വരുമെന്നാണ് പഴമക്കാർ പറയാറ്. കൊയ്ത്തുൽസവത്തിന്റെയും സമൃദ്ധിയുടേയും ദിനങ്ങളാണ് വരാനിരിക്കുന്നത്. എല്ലാ ദുരിതങ്ങളും മറന്ന്, സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും പൊൻപുലരിയിലേക്ക് വീണ്ടുമൊരു ചിങ്ങമാസം വന്നെത്തിയിരിക്കുകയാണ്.
ചിങ്ങമെന്നാല്‍ ഓണമെന്നാണ് പലരുടെയും ഉള്ളില്‍. അത്തം മുതല്‍ തിരുവോണം വരെ മലയാളികളുടെ മുറ്റത്ത് ആഘോഷമാണ്. ഓണപൂക്കളവും സദ്യയും ഓണക്കളികളുമെല്ലാം മലയാളികളുടെ ഉള്ളം നിറയ്ക്കാറുണ്ട്. അങ്ങനെ ഓരോ ഹൃദയത്തിലും നവോന്മേഷത്തിന്‍റെ പൂമ്പൊടി വിതറികൊണ്ട് ചിങ്ങമാസം അവസാനിക്കുന്നതിന്‍റെ പത്തുദിവസം മുന്‍പാണ് ഇക്കുറി തിരുവോണമെത്തുന്നത്.