കൊച്ചി: ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് ഇ ഡിയുടെ കസ്റ്റഡിയിലായിരുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ റിമാൻഡ് ചെയ്തു. കൊച്ചിയിലെ പിഎംഎൽഎ കോടതിയാണ് ശിവശങ്കറിനെ റിമാൻഡ് ചെയ്തത്. കടുത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ ജാമ്യം വേണം എന്ന് ആവശ്യപ്പെട്ട് ശിവശങ്കർ കോടതിയിൽ ജാമ്യഅപേക്ഷ സമർപ്പിച്ചു.
ഒൻപത് ദിവസത്തോളം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ ആയിരുന്നു ശിവശങ്കർ. കൂടുതൽ ദിവസം ഇനിയും ശിവശങ്കറിനെ കസ്റ്റഡിയിൽ വേണമെന്ന് ഇ ഡി ആവശ്യപ്പെട്ടിട്ടില്ല. ഇത്രയും ദിവസം കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്തിട്ടും കൃത്യമായ ഒരു ഉത്തരം ശിവശങ്കർ പറഞ്ഞിട്ടില്ല എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചത്. ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് കോഴപ്പണം കൈപ്പറ്റിയതായി ഒരിക്കൽപോലും ശിവശങ്കർ സമ്മതിച്ചിട്ടില്ല. ശിവശങ്കറിന് എതിരെ മൊഴി നൽകിയ സ്വപ്നയുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റുകൾ തികച്ചും വ്യക്തിപരമാണെന്നും അവയ്ക്ക് ലൈഫ്മിഷനുമായി യാതൊരു ബന്ധവുമില്ല എന്നാണ് ശിവശങ്കറിന്റെ വിശദീകരണം.