നടിയുടെ ലൈംഗിക പീഡന പരാതിക്ക് പിന്നാലെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ എം. മുകേഷ് എംഎൽഎ ബോർഡ് ഒഴിവാക്കിയ കാറിൽ യാത്ര. തിരുവനന്തപുരം കുമാരപുരത്തെ വീട്ടിൽ നിന്നും കൊച്ചിയിലേക്കാണ് മുകേഷ് എംഎൽഎ ബോർഡ് ഒഴിവാക്കിയ കാറിൽ മാധ്യമങ്ങളെ കാണാതെ പോകുന്നതെന്നാണ് സൂചന. പൊലീസ് സുരക്ഷയിലാണ് മുകേഷ് തിരുവനന്തപുരം വിട്ടത്. രാവിലെ ഏഴരയോടെയാണ് എംഎൽഎ യാത്ര തിരിച്ചത്. പ്രതിഷേധങ്ങൾ കനക്കുന്ന സാഹചര്യത്തിൽ കൊല്ലത്തെ സ്വവസതിയിലേക്ക് മുകേഷ് പോകാൻ സാധ്യതയില്ലെന്നാണ് വിവരം.
മുകേഷിന്‍റെ രാജി ആവശ്യപ്പെട്ട് വിവിധ യുവജന സംഘടനകളടക്കം പ്രതിഷേധവുമായി രംഗത്തുള്ളതിനാൽ കനത്ത പൊലീസ് സുരക്ഷിയിലാണ് മുകേഷ് കുമാരപുരത്തെ വീട് വിട്ടത്. മഹിളാ കോൺഗ്രസ് ഇന്ന് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആനന്ദവല്ലീശ്വരത്തെ എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തും. വനിതാ കൂട്ടായ്മയായ വിമൺ കളക്ടീവും എംഎൽഎ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കും. മുകേഷിന്‍റെ പട്ടത്താനത്തെ വീട്ടിലേക്ക് ബിജെപിയും പ്രതിഷേധ മാർച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മുകേഷ് രാജി വയ്ക്കും വരെ സമരം തുടരാനാണ് തീരുമാനം. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ എംഎൽഎ ഓഫീസിനും വീടിനും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ, മലയാള സിനിമയിലെ മീ ടു വിവാദത്തിൽ കൊച്ചിയിൽ രജിസ്റ്റർ ചെയ്ത ഏഴു കേസുകളിലും പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നടപടികൾ ഇന്ന് തുടങ്ങും. ഓരോ കേസിനും ഓരോ അന്വേഷണ ഉദ്യോഗസ്ഥൻ എന്ന നിലയിലാണ് ടീമിനെ നിശ്ചയിച്ചിരിക്കുന്നത്. ഡിഐജി പൂങ്കുഴലിക്കാണ് കൊച്ചിയിലെ കേസുകളുടെ ചുമതല. ഇന്നുതന്നെ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് തീരുമാനം. രഞ്ജിത്തിനെതിരായ കേസിലും തുടർ നടപടികൾ ഉണ്ടാകും.
രാജിക്കായുള്ള മുറവിളി തുടരുമ്പോഴും പരസ്യ പ്രതികരണങ്ങൾക്ക് ഒന്നും മുതിരാതെ അജ്ഞാത വാസത്തിലായിരുന്നു മുകേഷ്. ഇന്നലെ പ്രതികരിക്കുമെന്ന് സൂചന ഉണ്ടായിരുന്നുവെങ്കിലും നിയമോപദേശത്തെ തുടർന്ന് അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിലെത്തിയില്ല. തനിക്കെതിരെയുള്ള ലൈംഗികാതിക്രമ പരാതിയിൽ, പരാതിക്കാരിക്ക് ഗൂഢലക്ഷ്യമെന്നാണ് മുകേഷ് ആരോപിക്കുന്നത്. തന്റെ സിനിമ രാഷ്ട്രീയ ജീവിതം തകർക്കാൻ ലക്ഷ്യമിട്ടാണ് ആരോപണമെന്ന് പറഞ്ഞ മുകേഷ് ആരോപണം തെറ്റെന്ന് തെളിയിക്കാൻ 2009 മാർച്ച് 7 ന് അയച്ച മെയിൽ സന്ദേശം തെളിവായുണ്ടെന്നും വ്യക്തമാക്കി.