നേര്യമംഗലത്തിനു സമീപം മണിയമ്പാറയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് തെന്നി നീങ്ങിയുണ്ടായ അപകടത്തിൽ 14 വയസ്സുകാരി മരിച്ചു. കട്ടപ്പന കീരിത്തോട് സ്വദേശിനി അനീറ്റ ബെന്നിയാണ് മരിച്ചത്. കട്ടപ്പനയിൽനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഊന്നുകൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം ഉണ്ടായത്.
അപകടത്തിൽ 18 പേർക്ക് പരുക്കേറ്റു. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. 20 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. പരിക്കേറ്റ മറ്റുള്ളവരുടെ സ്ഥിതി ഗുരുതരമല്ലെന്നാണ് വിവരം. ബസ് ഡിവെെഡറിലിടിച്ച് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞുവെന്നാണ് റിപ്പോർട്ട്. ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തിയശേഷമാണ് പെൺകുട്ടിയെ പുറത്തെടുത്തത്.