പാലക്കാട് വടക്കഞ്ചേരിയിൽ ദേശീയപാതയിൽ സ്‌കൂൾ കുട്ടികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാവ്. വേളാങ്കണ്ണിയാത്ര കഴിഞ്ഞ് ബസ്സ് എത്തിയതായിരുന്നു ബസ്. ഡ്രൈവറെ ക്ഷീണിതനായി ബസിൽ കണ്ടതിനാൽ ശ്രദ്ധിച്ച് പോകണമെന്ന് ഡ്രൈവറോട് പറഞ്ഞിരുന്നുവെന്നും വിനോദയാത്രാ സംഘത്തിലുണ്ടായിരുന്ന വിദ്യാർത്ഥിയുടെ അമ്മ പറഞ്ഞു. രണ്ട് ഡ്രൈവർമാർ ഉണ്ടെന്നാണ് ബസ്സ് ഡ്രൈവർ പറഞ്ഞതെന്നും രക്ഷിതാവ് പറഞ്ഞു
അതെ സമയം അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത് കള്ളുവണ്ടിയിൽ ആണെന്ന് ദൃക്സാക്ഷി
വ്യക്തമാക്കി. പല വാഹനങ്ങൾക്ക് കൈ കാണിച്ചിട്ടും അവയൊന്നും നിർത്തിയില്ലെന്നും അവസാനം ചിറ്റൂരിലെ കള്ളുവണ്ടിക്കാര് മാത്രമേ നിർത്തിയുള്ളൂ എന്നും കള്ളുവണ്ടിയുടെ ബാക്കിൽ എടുത്ത് കിടത്തിയാണ് അപകടത്തിൽപെട്ടവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത് എന്നും ഇവർ വ്യക്തമാക്കുന്നു. ഗുരുതരാവസ്ഥയിലായിരുന്നു എല്ലാവരും ഒരാളുടെ കൈ അറ്റുപോയ നിലയിലായിരുന്നു. മറ്റൊരാളുടെ കാലും അറ്റുപോയി. റോഡിലാണ് സീറ്റോട് കൂുടി ഇവയെല്ലാം കിടന്നിരുന്നത് എന്നും ദൃക്സാക്ഷി വെളിപ്പെടുത്തുന്നു.
രാത്രി 12 മണിയോടെയാണ് ടൂറിസ്റ്റ് ബസ്സ് കെഎസ്ആര്‍ടിസി ബസിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോകുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. കൊട്ടാരക്കര – കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് ബസിലാണ് ടൂറിസ്റ്റ് ബസ് ഇടിച്ചത്. ഒന്‍പത് പേരാണ് അപകടത്തില്‍ മരിച്ചത്. മരിച്ചവരിൽ അഞ്ച് പേർ വിദ്യാർത്ഥികളും, 3 പേർ കെഎസ്ആര്‍ടിസി യാത്രക്കാരും, ഒരാൾ അധ്യാപകനുമാണ്