പ്രതിപക്ഷ പ്രതിഷേധം ചൂണ്ടിക്കാട്ടി നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. ശക്തമായ പ്രതിപക്ഷ എതിർപ്പുകൾക്ക് ഇടയിൽ സഭ അനിശ്ചിത കാലത്തേക്ക് പിരിയുന്നതായി സ്‌പീക്കർ പ്രഖ്യാപിച്ചു. ആവശ്യങ്ങൾ അംഗീകരിക്കാത്തതിനാൽ 5 എംഎൽഎമാർ നടുത്തളത്തിൽ രാവിലെ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങിയിരുന്നു. സമരരീതിയെ സ്പീക്കറും മന്ത്രിമാരും രൂക്ഷമായി വിമർശിച്ചു.
പലവിധ വിഷയങ്ങൾ ഉയർത്തി ഇന്നും പ്ലക്കാർഡുകളുമായെത്തിയാണ് പ്രതിപക്ഷം സഭയിലെത്തിയത്. പ്രശ്‌ന പരിഹാരത്തിനായി സർക്കാർ ഇടപെടുന്നില്ലെന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ഏഴ് പ്രതിപക്ഷ എംഎൽഎമാർക്കെതിരായ കേസ് പിൻവലിക്കണം, അടിയന്തിര പ്രമേയനോട്ടീസ് അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളിൽ ഒട്ടും വീഴ്ചയില്ലെന്നുറപ്പിച്ചാണ് ഇന്ന് പ്രതിപക്ഷം സഭയിലെത്തിയത്.
ഉമാ തോമസ്, അൻവർ സാദത്ത്, ടിജെ വിനോദ്, കുറുക്കോളി മൊയ്‌തീൻ, എകെഎം അഷ്റഫ് എന്നീ അഞ്ച് പ്രതിപക്ഷ എംഎൽഎമാർ സഭക്കുള്ളിലെ വിവേചനങ്ങളിൽ പ്രതിഷേധിച്ച് നിയസഭയുടെ നടുത്തളത്തിൽ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചിരുന്നു. സമരരീതിയെ സ്പീക്കറും മന്ത്രിമാരും രൂക്ഷമായി വിമർശിച്ചു.