കളമശേരി സ്ഫോടനത്തില്‍ പരിക്കേറ്റ് 30 പേർ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്അറിയിച്ചു. 12 വയസുള്ള കുട്ടിയടക്കം ആറ് പേരുടെ നില ഗുരുതരം ആണ്. കുട്ടിയടക്കം രണ്ടുപേർ വെന്റിലേറ്ററിൽ ആണ്. നില ഗുരുതരമായ ആറ് പേർ ഐസിയുവില്‍ കഴിയുകയാണ്. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. 52 പേർ ചികിത്സ തേടിയിരുന്നു. അതില്‍ 18 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്.
ഐസിയുവിലുള്ള പത്ത് പേര്‍ക്ക് ആവശ്യമായ എല്ലാ ചികിത്സയും ലഭ്യമാക്കുമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വിവിധ സ്വകാര്യ ആശുപത്രിയിലും പൊള്ളലേറ്റ ആളുകള്‍ ചികിത്സയിലാണ്. രാജഗിരിയില്‍ ഒരാള്‍, സണ്‍റൈസില്‍ രണ്ടു പേര്, ആസ്റ്റര്‍ മെഡിസിറ്റിയില്‍ രണ്ടു പേര് എന്നിങ്ങനെയാണ് ചികിത്സയിലുള്ളവരുടെ കണക്കുകള്‍. തൃശൂര്‍, കോട്ടയം മെഡിക്കല്‍ കോളജിലുള്ള വിദഗ്ധരുടെ ടീം കളമശ്ശേരി മെഡിക്കല്‍ കോളജില്‍ എത്തിയിട്ടുണ്ട്. കൂടാതെ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്.