അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ നവാസിന്റെ വേർപാട് വിശ്വസിക്കാൻ ആവാതെ സിനിമാലോകം. ഇന്നലെ രാത്രിയാണ് നടനെ കുഴഞ്ഞു വീണ നിലയിൽ ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ കണ്ടത്. ഹൃദയാഘാതമാണ് നവാസിന്‍റെ മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. അഭിനയിച്ചുകൊണ്ടിരിക്കുന്ന പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ എത്തിയതായിരുന്നു. കുഴഞ്ഞു വീണ് കിടക്കുന്നതായി റൂം ബോയ് കണ്ടതിനെത്തുടര്‍ന്ന് ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമായി വരികയായിരുന്നു നവാസ്. അഭിനയിച്ചുകൊണ്ടിരുന്ന പ്രകമ്പനം എന്ന ചിത്രത്തിന്‍റെ അവസാന ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി ഹോട്ടല്‍ മുറി വെക്കേറ്റ് ചെയ്യാനായാണ് നവാസ് എത്തിയതെന്നാണ് വിവരം. എന്നാല്‍ ഏറെ നേരമായിട്ടും ആളെ കാണാത്തതിനാല്‍ റൂം ബോയ് അന്വേഷിച്ച് ചെയ്യപ്പോഴാണ് നവാസിനെ വീണുകിടക്കുന്ന നിലയില്‍ കണ്ടത്. ചലച്ചിത്രനടനായിരുന്ന അബൂബക്കറാണ് പിതാവ്. ചലച്ചിത്രതാരം രഹ്നയാണ് ഭാര്യ. സഹോദരന്‍ നിയാസ് ബക്കറും അഭിനേതാവാണ്.
മലയാള മിമിക്രി വേദികളിലെ നിറസാന്നിധ്യമായിരുന്നു കലാഭവൻ നവാസ്. നിരവധി നടന്മാരെപ്പോലെ മിമിക്രി വേദിയിലൂടെയാണ് നവാസിന്‍റെയും കലാജീവിതത്തിന്‍റെ തുടക്കം. മിമിക്രി രംഗത്തെ കുലപതികളായ കലാഭവനിലൂടെയാണ് നവാസ് വളർന്നത്. കോട്ടയം നസീർ, അബി തുടങ്ങിയ പ്രഗത്ഭരോടൊപ്പം നിരവധി വേദികളിൽ നിറസാന്നിധ്യമായിരുന്നു നവാസും. കേരളത്തിലും വിദേശത്തുമായി നിരവധി വേദികളിൽ മലയാളികളെ ചിരിപ്പിച്ചു. കലാഭവന് ശേഷം കൊച്ചിൻ ആർട്‌സിന്റെ ബാനറിൽ സഹോദരൻ നിയാസ് ബക്കറുമായി നിരവധി മിമിക്രി ഷോകൾ ചെയ്തു. മിമിക്രി വേദിയിൽ നിന്ന് സിനിമയിലേക്കായിരുന്നു നവാസിന്റെ കലാജീവിതം. ഏകദേശം അഞ്ഞൂറിലേറെ വേദികളിൽ കലാപരിപാടി അവതരിപ്പിച്ചു.
1995 ല്‍ പുറത്തിറങ്ങിയ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമാ അരങ്ങേറ്റം. മിമിക്രി കലാകാരന്മാരുടെ ജീവിതം പശ്ചാത്തലമാക്കുന്ന മിമിക്സ് ആക്ഷന്‍ 500 എന്ന ചിത്രവും അതേ വര്‍ഷം എത്തി. മാട്ടുപെട്ടി മച്ചാനിലെ കഥാപാത്രം പ്രശംസിക്കപ്പെട്ടു. 30 വർഷത്തിനുള്ളിൽ നാൽപ്പതിലേറെ ചിത്രങ്ങളിൽ വേഷമിട്ടു. ഈ വർഷം പുറത്തിറങ്ങിയ ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. ഹിറ്റ്ലര്‍ ബ്രദേഴ്സ്, ജൂനിയര്‍ മാന്‍ഡ്രേക്ക്, മാട്ടുപ്പെട്ടി മച്ചാന്‍, ചന്ദാമാമ, തില്ലാന തില്ലാന തുടങ്ങിയ ചിത്രങ്ങളിലെ റോളുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍ ആണ് അഭിനയിച്ചതില്‍ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. താരസംഘടന അമ്മയുടെ അടുത്തിടെ നടന്ന ജനറല്‍ ബോഡി യോഗത്തിലും നവാസ് സജീവ സാന്നിധ്യമായിരുന്നു.