മറുനാടന്‍ മലയാളിക്ക് കോണ്‍ഗ്രസ് സംരക്ഷണമൊരുക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മാധ്യമവേട്ടയ്‌ക്കെതിരെ ജൂലൈ 26 ന് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തുമെന്നും കെ സുധാകരന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒളിവിൽ പോയ മറുനാടൻ മലയാളിയുടെ ഉടമക്കെതിരെ നടപടിയെടുത്തോട്ടെ, പക്ഷേ അതിനൊരു മര്യാദ കാണിക്കണം. അന്തസും അഭിമാനവുമില്ലാത്ത കാര്യങ്ങളാണ് പൊലീസ് മറുനാടന്‍ മലയാളിയുടെ ഓഫീസില്‍ കാണിച്ചത് എന്നും ദേഹ പറഞ്ഞു.
മറുനാടൻ മലയാളിപോലുള്ള മാധ്യമങ്ങൾക്ക് പൂർണ സംരക്ഷണം ഒരുക്കുമെന്നും സുധാകരന്‍ പറഞ്ഞു. രാഷ്ട്രീയ പകപോക്കലിനും മാധ്യമവേട്ടക്കുമെതിരെ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ ജൂലൈ 26 ന് പൊലീസ് സ്റ്റേഷൻ മാർച്ചും കെ.പി.പി.സിയുടെ നേതൃത്വത്തിൽ മാധ്യമ സ്വാതന്ത്ര്യ സംഗമം നടത്തും. സർക്കാറിനെതിരെ എന്തെങ്കിലും എഴുതിയാൽ അതിന്റെ പ്രതികാരം മനസിൽവെച്ച് അവസരം കിട്ടുമ്പോൾ വിനിയോഗിക്കുന്ന തരം താഴ്ന്ന നടപടിയാണ് സി.പി.എമ്മിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. വാർത്താ ചാനലുകളിലെ മാധ്യമപ്രവർത്തകരെ കേസിൽ കുടുക്കി നാവടക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. രക്തസാക്ഷികളാവുന്ന മാധ്യമങ്ങളെ സംരക്ഷിക്കാൻ ഏതറ്റം വരെയും കോൺഗ്രസ് പോകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പി.വി ശ്രീനിജിന്‍ എംഎല്‍എ നല്‍കിയ പരാതിയില്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെ മറുനാടന്‍ ഓണ്‍ലൈന്‍ മേധാവി ഷാജന്‍ സ്‌കറിയ ഒളിവിലാണ്. ഷാജന്‍ ബംഗളൂരുവിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അവിടെയെത്തി അന്വേഷണം ആരംഭിച്ചു. മറുനാടന്‍ മലയാളിയുടെ ഓഫീസുകളില്‍നിന്ന് കംപ്യൂട്ടറുകള്‍, ലാപ്ടോപ്പുകള്‍, മൊബൈല്‍ഫോണുകള്‍ എന്നിവയെല്ലാം പോലീസ് പിടിച്ചെടുത്തിരുന്നു.