ഷിരൂരില്‍ മണ്ണിന് അടിയില്‍പ്പെട്ട് കാണാതായ അര്‍ജുനുവേണ്ടി നടത്തുന്ന തിരച്ചില്‍ അവസാനിപ്പിച്ച് മുങ്ങല്‍ വിദഗ്ധനായ മത്സ്യത്തൊഴിലാളി ഈശ്വര്‍ മാല്‍പെയും സംഘവും. തിരച്ചിലിലെ പ്രതിസന്ധിയെക്കുറിച്ച് വ്യക്തമാക്കിയതിനു പിന്നാലെയാണ് ദൗത്യം അവസാനിപ്പിക്കാനുള്ള മാൽപെ സംഘത്തിന്റെ തീരുമാനം. ഗംഗാവലി പുഴയിലെ ദൗത്യം അതീവ ദുഷ്കരമെന്ന് ഈശ്വർ മാൽപെ നേരത്തെ വ്യക്തമാക്കിയിരുന്നു. പുഴയുടെ അടിയില്‍ ഒട്ടും കാഴ്ചയില്ല. സ്വന്തം റിസ്‌കിലാണ് പുഴയില്‍ ഇറങ്ങുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
പുഴയുടെ അടിത്തട്ടത്തില്‍ വലിയ പാറക്കെട്ടുകളും മരങ്ങളും തടിക്കഷണങ്ങളുമുണ്ട്. തകരയുടെ ബ്ലേഡ് രണ്ടുതവണ ശരീരത്തില്‍ തട്ടി. മൂന്ന് പോയിന്റില്‍ തപ്പി. ഇളകിയ മണ്ണാണ് അടിയില്‍ ഉള്ളത്. പുഴയുടെ അടിയില്‍ വൈദ്യുതി കമ്പികളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഈശ്വര്‍ മാല്‍പെ, നേവി, എന്‍.ഡി.ആര്‍.എഫ് സംഘങ്ങള്‍ എല്ലാവരുംകൂടെ ഒന്നിച്ച് ശ്രമിച്ചതായി കാർവാർ എം.എൽ.എ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു. നിലവിലെ അവസ്ഥയിൽ രക്ഷാദൗത്യം ഏറെ ദുഷ്കരമാണ്. ലഭിച്ച നാല് ലൊക്കേഷനുകളിലും ഈശ്വർ പരിശോധിച്ചു. അതിൽ, ഒരുസ്ഥലത്ത് പുഴയുടെ അടിയില്‍ വൈദ്യുതി കമ്പികളുണ്ടായിരുന്നു.
വെള്ളത്തിനടിയിൽ ഒന്നും കാണാനാകുന്നില്ല. മുഴുവൻ മണ്ണാണ്. അതിന് മുകളിൽ പാറയും അതിനും മുകളിലായി വൻമരവുമുണ്ട്. പോസിറ്റിവായി എന്തെങ്കിലും ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ഹൈട്രോഗ്രാഫിക് സര്‍വേയറെ സ്ഥലത്തെത്തിച്ച് പരിശോധന നടത്തിയിരുന്നു. മഴ മുന്നറിയിപ്പ് നിലനില്‍ക്കെ രക്ഷാദൗത്യം ദുഷ്‌കരമാണ്. ഞായറാഴ്ച വൈകീട്ട് യോഗം ചേരുന്നുണ്ട്. വിഷയം മുഖ്യമന്ത്രിയുമായും ഉപമുഖ്യമന്ത്രിയുമായും സംസാരിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരുമായും സംസാരിക്കുന്നുണ്ട്. വൈകീട്ട് യോഗം ചേരുന്നുണ്ട്. ഈ യോഗത്തിൽ തുടർന്നുള്ള കാര്യങ്ങൾ സംബന്ധിച്ച് തീരുമാനമെടുക്കും. നാല് ലൊക്കേഷനുകളിൽ പരിശോധിച്ചതായി ജില്ലാ കളക്ടർ ലക്ഷ്മി പ്രിയയും വ്യക്തമാക്കി. ജില്ലാ ഭരണകൂടത്തിനുവേണ്ടി ഈശ്വർ മാൽപെയോട് നന്ദി പറയുന്നു. ജീവൻ പണയംവെച്ചാണ് അവർ നദിയിൽ ഇറങ്ങിയത്. മണ്ണും പാറയുമല്ലാതെ മറ്റൊന്നും കണ്ടെത്താനായിട്ടില്ലെന്നും അവർ അറിയിച്ചു.