ഏറ്റുമാനൂരില്‍ താൻ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കാനൊരുങ്ങുന്നെന്ന് ചില മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് സിപിഎം നേതാവും മുൻ എംപിയുമായ കെ. സുരേഷ് കുറുപ്പ്. 1972-ല്‍ സിപിഎമ്മില്‍ അംഗമായതാണെന്നും അന്നു തൊട്ട് ഇന്നുവരെ സിപിഎമ്മിന്റെ രാഷ്ട്രീയ നിലപാടുകളോട് ഒരു അഭിപ്രായ വ്യത്യാസവും തനിക്കില്ലെന്നും ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ സുരേഷ് കുറുപ്പ് വ്യക്തമാക്കുന്നു.
ഞാൻ 1972 ല്‍ സിപിഐ (എം) ല്‍ അംഗമായതാണ്. അന്നു തൊട്ട് ഇന്നുവരെ സിപിഐ (എം) ന്റെ രാഷ്ട്രീയ നിലപാടുകളോട് ഒരു അഭിപ്രായ വ്യത്യാസവും എനിക്കില്ല. പാർട്ടി എന്റെ രാഷ്ട്രീയജീവിതത്തിന്റെ പ്രതിരൂപവും പതാകയുമാണ്, അദ്ദേഹം വ്യക്തമാക്കുന്നു.
രാഷ്ട്രീയം മറന്ന് ഏതെങ്കിലും സ്ഥാനമാനങ്ങളുടെ പുറകെ പായുന്ന ഒരാളല്ല താൻ. തിരഞ്ഞെടുപ്പോ അതിലൂടെ ലഭിക്കുന്ന സ്ഥാനലബ്ധികളോ തനിക്ക് പ്രധാനമല്ല. സ്ഥാനമാനങ്ങളൊക്കെ തന്റെ ഇടതുപക്ഷരാഷ്ട്രീയപ്രവർത്തനത്തിന്റെ ഭാഗമായി വന്ന അവസരങ്ങള്‍ മാത്രമായിരുന്നെന്നും തന്റെ രാഷ്ട്രീയമാണ് മുഖ്യമെന്നും സുരേഷ് കുറുപ്പ് വ്യക്തമാക്കുന്നു.