തൃശൂർ അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ ആനയെ നാളെ വീണ്ടും മയക്കു വെടിവെച്ച് പിടികൂടും. കോടനാട് അഭയാരണ്യത്തിൽ പ്രത്യേകം സജ്ജീകരിച്ച കൂട്ടിലാകും ആനയെ പാർപ്പിച്ചു ചികിത്സിക്കുക. ആനയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ. ദൗത്യത്തിനായി കുങ്കി ആനകളെ അതിരപ്പള്ളിയിൽ എത്തിച്ചിട്ടുണ്ട്. കൂട് നിർമിച്ചശേഷം മൂന്ന് കുങ്കിയാനകളുടെ സഹായത്തോടെ ആനയെ കോടനാടുള്ള അഭയാരിണ്യത്തിലേക്കു മാറ്റും.
മസ്തകത്തിൽ മുറിവേറ്റ ആനയെ നിലവിലെ ആരോഗ്യസ്ഥിതിയിൽ വെടിവെക്കുന്നത് ദുഷ്കരമെങ്കിലും ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ദൗത്യവുമായി മുന്നോട്ടു പോകാൻ ആണ് വനംവകുപ്പിന്റെ തീരുമാനം. നാളെ രാവിലെ 7 മണിക്ക് ആനയെ പിടികൂടുന്നതിനുള്ള ദൗത്യം ആരംഭിക്കാനാണ് തീരുമാനം. ഡോ അരുൺ സക്കറിയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘം ആനയെ നിരീക്ഷിച്ചു. കൂടിന്റെ അടക്കം ബല പരിശോധന പൂർത്തിയാക്കിയ ശേഷമായിരിക്കും ആനയെ കോടനാട്ടിലേക്ക് എത്തിക്കുക. വെറ്റിലപ്പാറ മലയാറ്റൂർ പ്ലാന്റേഷൻ റോഡിൽ പൂർണമായും ഗതാഗതം നിരോധിച്ചിട്ടുണ്ട്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതും പരിഗണനയിലാണ്.
ജനുവരി 26 നാണ് അതിരപ്പിള്ളിയില്‍ വെച്ച് മസ്തകത്തിന് പരിക്കേറ്റ കാട്ടാനയെ ചികിത്സ പൂർത്തിയാക്കി കാട്ടിലേക്ക് അയച്ചത്. മസ്തകത്തിനേറ്റ മുറിവ് ഉണങ്ങി തുടങ്ങിയതായി വനംവകുപ്പ് ചീഫ് വെറ്ററിനറി സർജൻ ഡോ അരുൺ സക്കറിയയുടെ നേതൃത്വത്തിലുളള സംഘം അറിയിച്ചിരുന്നു. മൂന്ന് മയക്കുവെടി വെച്ച ശേഷമാണ് ആന അന്ന് നിയന്ത്രണത്തിലായത്. ആനയ്ക്ക് വലിയ ക്ഷീണമില്ലെന്നും കണ്ടെത്തിയിരുന്നു. മസ്തകത്തിൽ പരിക്കേറ്റ നിലയിൽ വനത്തിനുള്ളിലായിരുന്നു ആനയെ കണ്ടെത്തിയത്. മറ്റ് ആനകളുമായുള്ള സംഘർഷത്തിൽ പരിക്കേറ്റതാകാം എന്നായിരുന്നു നിഗമനം. മുറിവ് മസ്തകത്തിലായത് പരിഗണിച്ചാണ് വിദഗ്ധ സംഘത്തിൻ്റെ പരിശോധനയ്ക് കാട്ടാനയെ വിധേയമാക്കാൻ തീരുമാനിച്ചത്.