പാതിവില തട്ടിപ്പ് കേസിൽ അറസ്റ്റിലായ അനന്തു കൃഷ്ണന്റെ കസ്റ്റഡി അപേക്ഷയിലെ പ്രാഥമിക വിവരങ്ങൾ പുറത്ത്. കേസിൽ അനന്തുവിന് വിവിധ ബാങ്കുകളിലായി 21 അക്കൗണ്ടുകള്‍ ഉണ്ടെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. സോഷ്യൽ ബീ വെഞ്ചേഴ്സ് എന്ന അനന്തുവിന്റെ സ്ഥാപനത്തിന്റെ പേരിലുള്ള 11 അക്കൗണ്ടുകൾ വഴി മാത്രം വഴി 548 കോടി രൂപ അനന്തു കൃഷ്ണന് ലഭിച്ചെന്നാണ് വിവരം.
കൂടാതെ ഇരുചക്രവാഹനം നൽകാമെന്ന് വാഗ്ദാനം നൽകി 20,163 പേരിൽ നിന്നായി 60,000 രൂപവീതവും 4035 പേരിൽ നിന്ന് 56,000 രൂപ വീതവും വാങ്ങിയതിലൂടെ 143.5 കോടി രൂപയും അനന്തുവിന്റെ അക്കൗണ്ടിലെത്തിയെന്നാണ് ക്രൈംബ്രാഞ്ച് കോടതിയിൽ അറിയിച്ചു. ഇതുവരെ നാലേകാൽ കോടി രൂപ മാത്രമാണ് അനന്തു കൃഷ്ണന്റെ അക്കൗണ്ടിൽ നിന്ന് അന്വേഷണ സംഘത്തിന് കണ്ടെത്താൻ സാധിച്ചത്.
ഇരുചക്രവാഹനങ്ങളും ലാപ്ടോപ്പുകളും വിതരണം ചെയ്തിരുന്നു. കൂടാതെ കുറച്ചു ഭൂമിയും വാങ്ങിയിട്ടുണ്ട്. ബാക്കി തുക എങ്ങനെ വിനിയോഗിച്ചു എന്നതിൽ കൃത്യമായ വിവരം ലഭിക്കണമെങ്കിൽ വിശദമായ തെളിവെടുപ്പ് ആവശ്യമാണെന്നാണ് ക്രൈംബ്രാഞ്ച് വാദം. അനന്തു കൃഷ്ണനെ അഞ്ചു ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. മൂവാറ്റുപുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടു ദിവസത്തെ കസ്റ്റഡിയില്‍ പ്രതിയെ വിട്ടിരുന്നു.