തിരുവന്തപുരം: പാറശാല ഷാരോൺരാജ് വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയുമായി അന്വേഷണസംഘം തെളിവടുപ്പ് തുടരുകയാണ്. ഇന്നലെ വെട്ടുകാട് പള്ളിയിലും, വേളി ടൂറിസം കേന്ദ്രത്തിലും എത്തിച്ച് തെളിവെടുത്തു. കാര്യങ്ങൾ ഓരോന്നായി ഗ്രീഷ്മ വലിയ ഭാവവ്യത്യാസം ഇല്ലാതെ വിശദീകരിച്ചു. ഷാരോൺ രാജിന്റെ നിർബന്ധത്തിന് വഴങ്ങി വെട്ടുകാട് പള്ളിയിൽ വച്ച് വിവാഹം കഴിച്ചെന്ന് ഗ്രീഷ്മ മൊഴി നൽകി. വേളിയിൽ വിശ്രമിച്ചപ്പോഴാണ് ആദ്യമായി കൊലപാതക പദ്ധതി മനസിൽ വന്നതെന്നും ഗ്രീഷ്മ പറഞ്ഞു. വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ചിരിച്ചു കൊണ്ടായിരുന്നു ഗ്രീഷ്മയുടെ മറുപടി. വിവാഹ ദിവസം ഇരുവരും വിശ്രമിച്ച വേളി ടൂറിസ്റ്റ് കേന്ദ്രത്തിൽ ആയിരുന്നു ആദ്യം എത്തിയത്. വിവാഹം നടന്ന വെട്ടുകാട് പള്ളിയിൽ ഗ്രീഷ്മയെ ഉച്ചയോടെ അന്വേഷണസംഘം കൊണ്ടുവന്നു. ജ്യൂസിൽ വിഷം ചേർത്ത് നൽകിയപ്പോൾ ഷാരോൺ രുചിവ്യത്യാസം മനസിലാക്കി തുപ്പിക്കളഞ്ഞെന്നും ഗ്രീഷ്മ പൊലീസിനോട് പറഞ്ഞു. ഇതിനിടെ തന്നെ മുൻപ് കണ്ടിട്ടുണ്ടെന്ന് പറഞ്ഞ ഐസ്ക്രീംകട ജീവനക്കാരിയോട് ഗ്രീഷ്മ ക്ഷോഭിക്കുകയും ചെയ്തു.
അന്വേഷണ സംഘം ഇന്ന് തമിഴ്നാട്ടിലെ വിവിധയിടങ്ങളില്‍ തെളിവെടുപ്പ് നടത്തിയേക്കും. ഷാരോണിനൊപ്പം ഗ്രീഷ്മ താമസിച്ചതായി പറയുന്ന തൃപ്പരപ്പിലെ റിസോര്‍ട്ടിലും ഇരുവരും ഒന്നിച്ചുപോയ മാര്‍ത്താണ്ഡത്തും തെളിവെടുപ്പ് നടത്തും. നേരത്തെ ഗ്രീഷ്മയെ തമിഴ്‌നാട്ടിലെ രാമവര്‍മ്മന്‍ ചിറയിലെ വീട്ടില്‍ എത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ നിര്‍ണായക തെളിവുകൾ ലഭിച്ചിരുന്നു.