പാറശാല ഷാരോൺ വധക്കേസിൽ വിചാരണക്കോടതിയുടെ വധശിക്ഷാ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുറ്റവാളി ഗ്രീഷ്മ ഹെെക്കോടതിയെ സമീപിച്ചു. ഹൈക്കോടതി അപ്പീൽ ഹർജി ഇന്ന് പരിഗണിക്കും. ശിക്ഷ ലഭിച്ച ശേഷം തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ വനിതാ ജയിലാണ് ഗ്രീഷ്മ തടവിൽ കഴിയുന്നത്. ഗ്രീഷ്മയ്ക്കെതിരെ 48 സാഹചര്യ തെളിവുകളുണ്ടെന്നും അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചത്. നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എ.എം.ബഷീറാണ് ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചത്.
ഷാരോണിനെ ഒഴിവാക്കാൻ കാമുകിയായ ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തൽ. ഗ്രീഷ്മയും ഷാരോണും പലതവണ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നുള്ള പ്രധാന വിവരങ്ങൾ കുറ്റപത്രത്തിലുണ്ട്. സാഹചര്യ തെളിവുകളുണ്ടെന്നും അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നും കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. ഗ്രീഷ്മയെ കൂടാതെ മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമ്മല കുമാരൻ നായരേയും നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.
കേസിലെ രണ്ടാം പ്രതിയായിരുന്ന ഗ്രീഷ്മയുടെ അമ്മയെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടിരുന്നു. 2022 ഒക്ടോബർ 14 ന് വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു. ഒക്ടോബർ 25 ന് മരണം സംഭവിച്ചു.