സംസ്ഥാനത്തെ സ്വർണ വില ഇടിഞ്ഞു. ഇന്ന് ഗ്രാമിന് 160 രൂപ കുറഞ്ഞ് 8400 രൂപയായി. പവന് 1280 രൂപ കുറഞ്ഞ് 67,200 രൂപയായി. ഇതാദ്യമായിട്ടാണ് ഇത്രയും വില ഒറ്റയടിക്ക് കുറയുന്നത്. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9164 രൂപയും പവന് 73,312 രൂപയുമാണ്. 18 കാരറ്റിന് ഒരു ഗ്രാമിന് 6873 രൂപയും പവന് 54,984 രൂപയുമാണ്.
രാജ്യാന്തര വിലയിലെ ഇടിവാണ് ഇന്നത്തെ വിലക്കുറവിന് കാരണം. ഇന്നലെ വ്യാപാരം പുരോഗമിക്കാറായപ്പോൾ രാജ്യാന്തര വില 3,050 ഡോളറിലേക്ക് വീണിരുന്നു. ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് ഇന്ന് 3,099.72 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. 3,100 ഡോളറിനു മുകളിലായിരുന്ന വിലയിലാണ് താഴേക്ക് പതിച്ചത്. ഇന്ന് രാജ്യാന്തര വില ഉയർന്നില്ലെങ്കിൽ നാളെയും ഇന്ത്യയിൽ സ്വർണ വില കുറഞ്ഞേക്കാം.
ഡൊണാൾഡ് ട്രംപും ഇറക്കുമതി താരിഫ് നയങ്ങളുമാണ് ഇതുവരെ സ്വർണത്തിന് അനുകൂലമായതെങ്കിൽ സ്വർണ നിക്ഷേപങ്ങളിൽ നിന്നും അമിതമായി ലാഭമെടുപ്പ് നടന്നതാണ് ഇന്ന് രാജ്യാന്തര വിലയിൽ അൽപം ക്ഷീണം വരാൻ ഇടയായത്. എന്നാൽ ട്രംപിൻ്റെ താരിഫ് പ്രതിസന്ധികൾ നിലനിൽക്കുന്നതിനാൽ വില ഇനിയും ഉയരാനുള്ള സാധ്യത കൂടുതലാണ്.