തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണ്ണവില ഇന്ന് പുതിയ റെക്കോർഡിലേക്ക് കടന്നു. ഇന്നലെ 75000 കടന്ന വില ഇന്ന് സർവ്വകാല റെക്കോർഡിലേക്കെത്തിയിരിക്കുകയാണ്. പവന് 160 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ 75,200 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് നൽകേണ്ടത്. 9400 രൂപയാണ് ഒരു ഗ്രാമിന് ഇന്നത്തെ വില. ജൂലൈ 23നാണ് സ്വർണ്ണവില ആദ്യമായി 75000 കടന്നിരുന്നത്. കേരളത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. 22 കാരറ്റ് ഗ്രാമിന് ഇന്നത്തെ വില 9400 രൂപയാണ്. 18 കാരറ്റിന് 7715 രൂപയും. ഒരാഴ്‌ചക്കിടെ പവന് രണ്ടായിരം രൂപയാണ് വർദ്ധിച്ചത്. ഈ മാസം വീണ്ടും ഇതേ നിരക്കിലേക്ക് ഉയർന്നതോടെ ആശങ്കയിലാണ് ആഭരണ പ്രേമികളും.
രാജ്യാന്തര വിപണിയില്‍ സ്വർണ്ണം ഔണ്‍സിന് 3378 ഡോളറാണ് പുതിയ നിരക്ക്. രൂപയുടെ മൂല്യം ഇടിയുന്നതാണ് ഇന്ത്യയില്‍ സ്വർണ്ണവില ഉയരാൻ കാരണമെന്നാണ് വിലയിരുത്തല്‍. രൂപ-ഡോളർ മൂല്യം കൂടി കണക്കിലെടുത്താണ് സ്വർണ്ണത്തിന്റെ നിരക്ക് നിശ്ചയിക്കുന്നത്. ഡോളർ സൂചിക 98.21 എന്ന നിരക്കിലും രൂപയുടെ വിനിമയ മൂല്യം 87.69 എന്ന നിരക്കിലുമാണ് എത്തിയിരിക്കുന്നത്. ഇതോടെയാണ് ഇന്ന് സ്വർണ്ണവില 75,200 രൂപയായി ഉയർന്നത്.
ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 600 രൂപ കൂടിയിരുന്നു. ഈ മാസത്തിന്റെ തുടക്കം മുതല്‍ത്തന്നെ സ്വർണ്ണവിലയില്‍ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഓഗസ്റ്റ് ഒന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണ്ണനിരക്ക് രേഖപ്പെടുത്തിയത്. അന്ന് പവന് 73,200 രൂപയായിരുന്നു. അടുത്ത വർഷം പകുതിയോടെ സ്വർണ്ണവില ഔണ്‍സിന് നാലായിരം ഡോളറാകുമെന്നാണ് ഗോള്‍ഡ്മാൻ സാക്ക്‌സ് പ്രവചിച്ചിക്കുന്നത്. അമേരിക്കൻ തൊഴില്‍ മേഖലയിലെ പ്രതിസന്ധിയും ഉയരുന്ന നാണയപ്പെരുപ്പവും കണക്കിലെടുത്ത് ഡോളർ ദുർബലമാകുന്നതോടെ സ്വർണ്ണവില ഇനിയും കുതിച്ചുയരുമെന്നാണ് വിലയിരുത്തുന്നത്.
അതേസമയം, വെള്ളിവിലയില്‍ മാറ്റമുണ്ടായില്ല. വെള്ളി ഗ്രാമിന് 123 രൂപ നിരക്കില്‍ തുടരുകയാണ്. ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും. ലോകത്തെ ഏറ്റവും വലിയ സ്വർണ്ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണ്ണവിലയിൽ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.