തിരുവനന്തപുരത്ത് രണ്ട് നദികളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി കേന്ദ്ര ജല കമ്മീഷന്‍. നെയ്യാര്‍ നദിയിലെ അരുവിപ്പുറം സ്റ്റേഷനില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും കരമന നദിയിലെ വെള്ളൈകടവ് സ്റ്റേഷനില്‍ മഞ്ഞ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
അതിനിടെ ഒക്ടോബർ 1 മുതൽ 15 വരെ തിരുവനന്തപുരം ജില്ലയിൽ ലഭിച്ചത് 158 ശതമാനം അധികമഴയാണ്. ഇക്കാലയളവിൽ തെക്കൻ കേരളത്തിലെ 5 ജില്ലകളിലും സാധാരണയിലധികം മഴ ലഭിച്ചു. കനത്തമഴയിലും വെള്ളക്കെട്ടിലും അകപ്പെട്ടവർക്കായി 21 ദുരിതാശ്വാസ ക്യാമ്പുകളാണ് തിരുവനന്തപുരത്തു തുറന്നത്. ആയിരത്തോളം പേര്‍ ഈ ക്യാമ്പുകളിലേക്ക് മാറിയിരുന്നു. തിരുവനന്തപുരം ജില്ലയില്‍ ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് നൽകുന്നത്. ജില്ലയില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കളക്‌ടർ ജെറോമിക് ജോർജ് അറിയിച്ചു. ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് അവധി നൽകാൻ തീരുമാനിച്ചത്.
ജില്ലയില്‍ ക്വാറി, മൈനിംഗ് പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു. ബീച്ചുകളില്‍ വിനോദ സഞ്ചാരത്തിനും നിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് സാധ്യതയുള്ളതിനാലും കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതിനാലും അതീവ ജാഗ്രത പാലിക്കേണ്ടുന്നതിനാല്‍, കടലോര-കായലോര-മലയോര മേഖലകളിലേക്കുള്ള അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതത്തിനും നിരോധനം ഏര്‍പ്പെടുത്തിയതായി ഉത്തരവില്‍ പറയുന്നു.
കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലും സാധാരണ ലഭിക്കേണ്ടതിലും അധികം മഴ കിട്ടി. കൊല്ലത്ത് 41 ശതമാനം, ആലപ്പുഴ 48 ശതമാനം, എറണാകുളം 21 ശതമാനം എന്നിങ്ങനെയാണ് അധികമഴ.
കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലും സാധാരണ ലഭിക്കേണ്ടതിലും അധികം മഴ കിട്ടി. കൊല്ലത്ത് 41 ശതമാനം, ആലപ്പുഴ 48 ശതമാനം, എറണാകുളം 21 ശതമാനം എന്നിങ്ങനെയാണ് അധികമഴ.