കണ്ണൂര്‍ വളപട്ടണം പോലീസ് സ്റ്റേഷന് വളപ്പില്‍ തീപിടിത്തം. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. അതേസമയം വാഹനങ്ങള്‍ക്ക് തീയിട്ടതാണെന്ന് സംശയമുണ്ട്.വിവിധ കേസുകളിലായി പിടിച്ചിട്ട അഞ്ച് വാഹനങ്ങള്‍ കത്തിനശിച്ചു. ഒരു ജീപ്പും കാറും ബുള്ളറ്റും പൂര്‍ണമായി കത്തി. ഒരു സ്കൂട്ടറും കാറും ഭാഗികമായി കത്തി നശിച്ചു.
കാപ്പാ കേസ് പ്രതി ചാണ്ടി ഷമീമാണ് വാഹനങ്ങള്‍ക്ക് തീയിട്ടതെന്ന സംശയത്തിലാണ് പോലീസ്. ഷമീമിന്റെ സഹോദരന് ഷംസീനിനെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തി ബഹളം വെക്കുകയും കയ്യേറ്റ ശ്രമം നടത്തുകയുമുണ്ടായി. പിന്നാലെയാണ് ഇന്ന് പുലര്‍ച്ചെ സ്റ്റേഷന് വളപ്പില്‍ നിര്‍ത്തിയിയിട്ടിരുന്ന വാഹനങ്ങള്‍ കത്തി നശിച്ചത്. തീ പിടിത്തമുണ്ടാകാന് മറ്റ് സാധ്യതയുമില്ലെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.