കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ബോര്‍ഡ് അംഗത്വം സംവിധായകൻ ഡോ. ബിജു രാജിവച്ചു. കെഎസ്എഫ്ഡിസി എംഡിക്ക് ഇമെയിലായാണ് രാജികത്ത് അയച്ചത്. തൊഴിൽപരമായ ആവശ്യങ്ങൾക്കായി അംഗത്വം രാജിവക്കുന്നുവെന്നാണ് വിശദീകരണം. എന്നാൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തും ഡോ. ബിജുവുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന സാഹചര്യമാണ് രാജിയിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ.
ഒരു ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് രഞ്ജിത്ത് ഡോ. ബിജുവിനെ രൂക്ഷമായി വിമർശിച്ചത്. ഡോ. ബിജുവിന്റെ അദൃശ്യ ജാലകങ്ങള്‍ കാണാന്‍ തിയേറ്ററിൽ ആളില്ലെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത് ആരോപണം ഉന്നയിച്ചതിനുപിന്നാലെയുണ്ടായ വിവാദങ്ങള്‍ക്കുപിന്നാലെയാണ് ഡോ. ബിജു രാജിവച്ചത്. തിയേറ്ററിൽ ആളുകയറാത്ത സിനിമകളെടുക്കുന്ന സംവിധായകനാണ് ഡോ. ബിജുവെന്നും തനിക്ക് എന്തെങ്കിലും പ്രസക്തിയുണ്ടോയെന്ന് അദ്ദേഹം സ്വയം ചിന്തിക്കണമെന്നുമാണ് ഒരു അഭിമുഖത്തിൽ സംവിധായകൻ രഞ്ജിത്ത് പറഞ്ഞത്. മേളയിൽ ഒരേവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജിയോബേബിയുടെ ‘കാതലു’മായി ബിജുവിന്റെ ‘അദൃശ്യജാലക’ത്തെ രഞ്ജിത്ത് താരതമ്യവുംചെയ്തു. പ്രേക്ഷകർ തിയേറ്ററുകളിൽ സ്വീകരിച്ച ചിത്രമാണ് കാതൽ. ആ ചിത്രത്തിന് പുരസ്‌കാരങ്ങളും ലഭിച്ചേക്കും. ഇവിടെയാണ് തങ്ങളുടെയൊക്കെ ആവശ്യമെന്തെന്ന് ബിജുവിനെപ്പോലെയുള്ളവർ സ്വയം ചിന്തിക്കേണ്ടതെന്ന് രഞ്ജിത്ത് പറഞ്ഞു.
അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പശ്ചാത്തലത്തിലുണ്ടായ വിവാദത്തിൽ സാമൂഹികമാധ്യമങ്ങളിലും വാക്‌പോര് മുറുകി.
കേരളത്തിനും ഇന്ത്യക്കുമപ്പുറം സിനിമാലോകം ഉണ്ടെന്നുപോലും അറിയാത്ത രഞ്ജിത്തിനോട് സഹതാപം മാത്രമെന്നും മാടമ്പിത്തരവും ആജ്ഞാപിക്കലും കൈയിൽവെച്ചാൽ മതിയെന്നും ഡോ. ബിജുവും തിരിച്ചടിച്ചു. പരാമർശം ശ്രദ്ധയിൽപ്പെട്ട ഡോ. ബിജു രഞ്ജിത്തിന് മൊബൈൽ സന്ദേശത്തിലൂടെയാണ് ആദ്യം മറുപടിനൽകിയത്. അത് തർക്കത്തിലേക്കെത്തിയതോടെ ‘രഞ്ജിത്തിന് തുറന്ന കത്ത്’ എന്നപേരിൽ ബിജു സാമൂഹികമാധ്യമങ്ങളിൽ നീണ്ട കുറിപ്പ് പ്രസിദ്ധീകരിച്ചു. കേരളത്തിനും ഗോവയ്ക്കുമപ്പുറം പേരിനെങ്കിലും ഒരു ചലച്ചിത്രമേളയിൽ പങ്കെടുത്തിട്ടില്ലാത്ത ആളാണ് രഞ്ജിത്തെന്നും ആളെ കൂട്ടുന്നതുമാത്രമാണ് സിനിമ എന്ന അദ്ദേഹത്തിന്റെ അജ്ഞതയോട് സഹതാപം മാത്രമെന്ന് ഡോ. ബിജു പ്രതികരിച്ചു.
വളരെയേറെ ക്രിട്ടിക്കൽ അംഗീകാരം കിട്ടിയ എന്റെ സിനിമ താങ്കൾ ചെയർമാനായ മേളയിൽ താങ്കളുടെ സുഹൃത്തിനെവെച്ച് സിനിമകൾ തിരഞ്ഞെടുത്തപ്പോൾ തള്ളിക്കളയുകയായിരുന്നു ആദ്യം. പിന്നീട് ഈ സിനിമ ലോകത്തിലെ പ്രധാനമേളയിൽ മത്സരവിഭാഗത്തിൽ ഇടംപിടിച്ചതോടെ ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കാൻ തന്നോട് അനുമതി ചോദിച്ച് പ്രദർശിപ്പിക്കുകയായിരുന്നു. തിയേറ്ററുകളിൽ ആളെ കൂട്ടിയതുകൊണ്ടല്ല ചലച്ചിത്രമേളയിൽ ലോകസിനിമകൾ എത്തുന്നത്. അത് മനസ്സിലാക്കാനുള്ള ബോധം ഇല്ലാത്ത നിങ്ങളാണല്ലോ ചലച്ചിത്രമേളയുടെ ചെയർമാൻ എന്നോർക്കുമ്പോൾ ലജ്ജതോന്നുന്നുവെന്നും ബിജു പറഞ്ഞിരുന്നു.