സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സിനിമാ രംഗത്തെ പ്രമുഖർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സിനിമാ രംഗത്തെ പ്രമുഖർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. തിരക്കേറിയ ബൂത്തിൽ ക്യൂ നിന്ന് വോട്ട് രേഖപ്പെടുത്തിയാണ് പല താരങ്ങളും മടങ്ങിയത്. കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിക്കാൻ മമ്മൂട്ടിയെത്തി. തൃക്കാക്കര മണ്ഡലത്തിലെ പൊന്നുരുന്നി ക്രൈസ്റ്റ് കോൺവെന്റ് സ്കൂളിലെ 106-ാം നമ്പർ ബൂത്തിലാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ സുൽഫത്തിനൊപ്പമാണ് താരം വോട്ടിംഗ് കേന്ദ്രത്തിലെത്തിയത്.
തിരുവനന്തപുരം നേമം മണ്ഡലത്തിലെ മുടവൻമുഗൾ എൽപി സ്കൂളിലാണ് മോഹൻലാൽ വോട്ട് രേഖപ്പെടുത്തിയത്. നേമം മണ്ഡലം സ്ഥാനാര്‍ഥികളായ വി ശിവൻകുട്ടിയും ശബരിനാഥനും മോഹൻലാലിനൊപ്പമുണ്ടായിരുന്നു. അര മണിക്കൂറോളം ക്യൂ നിന്ന് വോട്ട് ചെയ്തതിനു ശേഷമാണ് താരം മടങ്ങിയത്. വോട്ട് രേഖപ്പെടുത്തിയ ശേഷം മഷി പുരട്ടിയ വിരൽ ഉയർത്തിക്കാട്ടിയുള്ള ചിത്രവും മോഹന്‍ലാല്‍ തന്റെ ഫേസ് ബുക്കിലൂടെ പങ്കുവച്ചിരുന്നു. തന്റെ കടമ പൂർത്തിയാക്കിയെന്നും ഇനി കേരളത്തിന്റെ ഊഴമാണെന്നും താരം കുറിച്ചു.
കേന്ദ്രമന്ത്രി സുരേഷ് ഗോപി ഗുരുവായൂർ മണ്ഡലത്തിലെ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 137-ാം നമ്പർ ബൂത്തിലെത്തി വോട്ട് ചെയ്തു. ഗുരുവായൂരിൽ വോട്ട് ചെയ്യാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും കേരളത്തിൽ ഇത്തവണ വലിയ രാഷ്ട്രീയ മാറ്റങ്ങളും അത്ഭുതങ്ങളും ഉണ്ടാകുമെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
നടന് ആസിഫ് അലി സഹോദരൻ അസ്കർ അലിയ്ക്ക് ഒപ്പം തൊടുപുഴ കുമ്പംകല്ല് ബിടിഎം എൽപി സ്കൂളിലെത്തിയാണ് ആസിഫ് അലി വോട്ട് രേഖപ്പെടുത്തി. നടൻ പൃഥ്വിരാജ് സുകുമാരനും എറണാകുളം മണ്ഡലത്തിലെ തേവര സർക്കാർ ഫിഷറീസ് സ്കൂളിലെത്തിയാണ് വോട്ട് രേഖപ്പെടുത്തി. തൃപ്പൂണിത്തുറ എൽപിജി സ്കൂളിലാണ് നടനും സ്ഥാനാർത്ഥിയുമായ രമേഷ് പിഷാരടി കുടുംബത്തോടൊപ്പം എത്തി വോട്ട് ചെയ്തത്. പ്രതീക്ഷയുണ്ടെന്നും യുഡിഎഫ് അനുകൂല കാറ്റാണ് എല്ലായിടത്തും വീശുന്നതെന്നും രമേഷ് പിഷാരടി പ്രതികരിച്ചു. കഴിവും പ്രാപ്തിയും ഉള്ളവർ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് അഭിനന്ദനാർഹമാണെന്ന് ടൊവിനോ തോമസ്. ഏതു മുന്നണി അധികാരത്തിൽ വന്നാലും കേരളത്തിനുവേണ്ടി നല്ലത് ചെയ്യാൻ കഴിയണമെന്നും ടൊവിനോ തോമസ് പറഞ്ഞു.

