എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ പ്രതിയായ ഷാരൂഖ് സെയ്ഫിക്കെതിരെ കൊലക്കുറ്റം ചുമത്തി. റെയിൽവേ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ കൊലപാതകക്കുറ്റം ചുമത്തിയിരുന്നില്ല. എന്നാൽ ലോക്കൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊലപാതകക്കുറ്റം കൂടി ഉൾപ്പെടുത്തുകയായിരുന്നു.
അതിനിടെ ഷാറൂഖ് സെയ്ഫിയെ കോടതി റിമാന്റ് ചെയ്തു. ഏപ്രിൽ 20 വരെ 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തിരിക്കുന്നത്. ജയിലിൽ കിടക്കാൻ കഴിയാത്ത വിധമുള്ള രോഗാവസ്ഥയില്ലെന്ന് കണ്ടെത്തിയതിനാൽ ഇയാളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാൻ തീരുമാനമായി. ഇയാളെ ജയിലിലേക്ക് മാറ്റും
എന്നാൽ ഷാരുഖ് സെയ്ഫിയുടെ കേരളത്തിലേക്കുള്ള യാത്ര ദുരൂഹമെന്ന നിലപാടിലുറച്ച് ഡൽഹി പൊലീസ്. കുടുംബാംഗങ്ങളുടെ അറിവില്ലാതെയാകാം സെയ്ഫി യാത്ര ചെയ്തതെന്ന് കണക്കിലെടുത്താലും തുടർച്ചയായ യാത്ര നടത്തുന്ന പ്രതിയുടെ അസാന്നിധ്യം വ്യക്തമാക്കുന്നതിൽ കുടുംബം പരാജയപ്പെട്ടു എന്ന് പൊലീസ് കണ്ടെത്തി. ഷാരൂഖിൻ്റെ ദില്ലിയിലെ ബന്ധുക്കളെ കേരള പൊലീസ് സംഘം ചോദ്യം ചെയ്തു. കേരളത്തിലേക്ക് ഒറ്റയ്ക്കാണോ സംഘമായിട്ടാണോ യാത്ര നടത്തിയത് എന്നത് സ്ഥിരീകരിക്കാനായിട്ടില്ല.