എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ മുഖ്യ പ്രതി ഷാറൂഖ് സെയ്ഫിയെ കേരളത്തിലെത്തിച്ചു. ഇന്നലെയാണ് മഹാരാഷ്ട്രയിലെ രത്‌നഗിരി റെയില്‍വേ സ്റ്റേഷനില്‍ ഷാരുഖ് സെയ്ഫിയെ പിടികൂടിയത്. രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ സംയുക്ത നീക്കത്തിലായിരുന്നു പ്രതി കുടുങ്ങിയത്. മഹാരാഷ്ട്ര എ ടി എസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ കേരളാ പൊലീസിന് കൈമാറി. പ്രതി കുറ്റം സമ്മതിച്ചതായി എ ടി എസ് അറിയിച്ചിരുന്നു. പ്രതിയെ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.
ഞായറാഴ്ച രാത്രി ഒന്‍പത് മണിക്ക് ആലപ്പുഴ – കണ്ണൂര്‍ എക്സിക്യൂട്ടീവിലാണ് കേസിനാസ്പദമായ സംഭവം. ഡി1 കോച്ചിലെ യാത്രക്കാര്‍ക്ക് നേരെ അക്രമി പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. രണ്ട് കുപ്പി പെട്രോള്‍ ഇയാളുടെ കയ്യിലുണ്ടായിരുന്നുവെന്നും ഇതില്‍ ഒരു കുപ്പി തുറന്ന് വീശിയൊഴിക്കുകയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ സമീപത്തുണ്ടായിരുന്നവരുടെ ദേഹത്ത് ഇന്ധനം പടര്‍ന്നു. മറ്റൊരു കോച്ചില്‍ നിന്നാണ് ഇയാള്‍ ഡി1ലെത്തിയതെന്നാണ് യാത്രക്കാര്‍ പറയുന്നത്. ട്രെയിന്‍ കോരപ്പുഴ എത്തിയപ്പോഴാണ് ചുവന്ന കള്ളി ഷര്‍ട്ട് ധരിച്ച യുവാവ് ഡി വണ്‍ കോച്ചിലേക്ക് കയറിയതെന്നാണ് വിവരം. ട്രെയിന്‍ കോരപ്പുഴ പാലം കടക്കുന്നതിനിടെയായിരുന്നു ഇയാള്‍ ആക്രമണം നടത്തിയത്.