കൊച്ചി: വ്യവസായിയും എമ്പുരാന്റെ നിർമാതാവുമായ ഗോകുലം ഗോപാലന്റെ ഓഫിസുകളിൽ നടത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡിൽ ഒന്നര കോടി രൂപയും രേഖകളും പിടിച്ചെടുത്തതായി റിപ്പോർട്ട്. വിദേശനാണയ വിനിമയച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് നേരത്തേയുണ്ടായിരുന്ന കേസുകളുടെ തുടര്‍നടപടികളുടെ ഭാഗമായാണ് ഇ.ഡി പരിശോധനയെന്നാണ് വിവരം.
പിടിച്ചെടുത്ത പണത്തിന്റെ ഉറവിടം വ്യക്തമാക്കണമെന്ന് ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്. ഇ.ഡി റെയ്ഡ് ശനിയാഴ്ച പുലര്‍ച്ചയോടെയാണ് അവസാനിച്ചത്. മൂന്നു മാസമായി ഗോകുലം ഗ്രൂപ്പിന്റെ ഇടപാടുകൾ നിരീക്ഷണത്തിലാണെന്ന് ഇ.ഡി അറിയിച്ചതായാണ് റിപ്പോർട്ട്. ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലനെ ഇന്നലെ ചെന്നൈയിലേക്ക് വിളിപ്പിച്ച് ഇ.ഡി ചോദ്യം ചെയ്തിരുന്നു. ഗോകുലം ഗോപാലന്റെ മൊഴി പരിശോധിച്ച ശേഷമാകും ഇ.ഡി സംഘം തുടർ നടപടികളിലേക്ക് കടക്കുക.
ചെന്നൈ കോടമ്പാക്കത്തുള്ള ഗോകുലം ഗോപാലന്റെ ധനകാര്യ സ്ഥാപനത്തിന്റെ ആസ്ഥാനത്ത് ഇന്നലെ നടന്ന റെയ്ഡിന് പിന്നാലെ ഗോകുലം ഗോപാലന്റെ വടകരയിലുള്ള വീട്ടിലെത്തി ഇഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. അനധികൃത സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ആരോപണത്തിൽ രണ്ടുവർഷം മുൻപ് ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. അന്ന് കൊച്ചി ഇ.ഡി ഓഫീസിൽ വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യൽ.
ചിട്ടി തട്ടിപ്പ് സംബന്ധിച്ച ആരോപണത്തിലും അന്ന് ഇ.ഡി അന്വേഷണം ആരംഭിച്ചിരുന്നു. കള്ളപ്പണ ഇടപാട് സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു രണ്ടുവർഷം മുൻപ് ഗോകുലം ഗോപാലനെ ചോദ്യം ചെയ്തത്. അനധികൃതമായാണ് ചിട്ടി ഇടപാടുകൾ നടക്കുന്നതെന്നായിരുന്നു ഇ.ഡിക്ക് അന്ന് ലഭിച്ച പരാതി.
അതേസമയം, എമ്പുരാൻ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നിർമ്മാതാക്കളിൽ ഒരാളായ ഗോകുലം ഗോപാലൻറെ സ്ഥാപനത്തിൽ ഇ.ഡി എത്തിയത് വലിയ ചർച്ചയായിട്ടുണ്ട്. എമ്പുരാൻ സിനിമ ലൈക്ക പ്രൊഡക്ഷൻസുമായി ബന്ധപ്പെട്ട് തർക്കത്തിൽ എത്തിയപ്പോൾ അവസാന നിമിഷമാണ് ഗോകുലം ഗോപാലൻ രക്ഷകനായി എത്തിയത്. പിന്നീട് എമ്പുരാൻ വിവാദമായതോടെ ചില രംഗങ്ങൾ നീക്കം ചെയ്യണമെന്ന് താൻ ആവശ്യപ്പെട്ടുവെന്ന് ഗോകുലം ഗോപാലൻ ചില അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.